കെഎസ്ആർടിസി ബസ് കുത്തിപൊക്കി നിലത്തുവെച്ചു, ജീവൻ മുറുക്കി പിടിച്ച് യാത്രക്കാർ

തൃശൂർ: കെഎസ്ആർടിസി ബസിന് നേരെ വീണ്ടും ഒറ്റയാൻ കബാലിയുടെ ആക്രമണം. കെഎസ്ആർടിസി ബസ് ആന കുത്തിപൊക്കി നിലത്തുവെച്ചു. ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിൽ ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ആനയുടെ പരാക്രമം.

ബസിനടുത്തേക്ക് പാഞ്ഞടുത്ത കബാലി ബസിന് മുമ്പിൽ കൊമ്പുകൊണ്ട് കുത്തുകയും പൊക്കിയതിന് ശേഷം നിലത്ത് വെക്കുകയും ചെയ്തു. ഒടുവിൽ മണിക്കൂറുകൾക്ക് ശേഷമാണ് കബാലി പരാക്രമം നിർത്തിയത്. ഈ നേരമത്രയും ഗതാഗതം സ്തംഭിച്ചു. കബാലി വീണ്ടും പേടിപ്പിച്ചുവെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്.

സമാനമായ രീതിയിൽ സ്വകാര്യ ബസിന് നേരെ കബാലിയുടെ പരാക്രമമുണ്ടായത് കഴിഞ്ഞയാഴ്ചയായിരുന്നു. ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത കബാലിയിൽ നിന്ന് രക്ഷപ്പെടാൻ എട്ട് കിലോമീറ്ററിലധികം ദൂരമാണ് ഡ്രൈവർ പിന്നോട്ട് വാഹനമോടിച്ചത്. ചാലക്കുടി വാൽപ്പാറ പാതയിൽ കബാലിയുടെ ആക്രമണം പതിവാകുകയാണ്.