മദ്യപാനി ആയിരുന്നില്ല, എപ്പോഴും പ്രാർത്ഥനയും ജീവിതവും, കൈലാസ് നാഥ് ഓർമയാകുമ്പോൾ

നോൺ ആൽ‌ക്കഹോളിക് ലിവർ സിറോസിസ് മൂലം ചികിത്സയിലായിരുന്ന കൈലാസ് നാഥ് വ്യാഴാഴ്ച വൈകിട്ടാണ് അന്തരിച്ചത്. സാന്ത്വനം പരമ്പരയിലെ പിള്ളേച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനിടയിലാണ് അസുഖം മൂർച്ഛിക്കുന്നകതും ആശുപത്രിയിലാകുന്നതും.
താരത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസ് തിരിച്ചറിഞ്ഞ ശേഷം കലാമേഖലയിൽ നിന്നും നിരവധിപേർ ചികിത്സയ്ക്ക് വേണ്ടി സാമ്പത്തിക സഹായം നൽകിയിരുന്നു. ഒട്ടനവധി പേർ അളവില്ലാതെ സഹായച്ചതിനാലും ആശുപത്രി ഇളവുകൾ തന്നതിനാലും കടം വാങ്ങാതെ കുറച്ച് കാലം ചികിത്സ നടത്തിയെന്ന് നടന്റെ കുടുംബം മുമ്പ് പറഞ്ഞിരുന്നു.

‘ധാരാളം പേർ പലരീതിയിലുള്ള സഹായങ്ങളുമായി ഒപ്പം നിന്നു. ആശുപത്രിയിൽ നിന്നും ഒരുപാട് ഇളവുകൾ കിട്ടി. അദ്ദേഹത്തെ സ്നേഹിക്കുന്നവരോട് ഒരുപാട് നന്ദിയുണ്ട്. അത് വാക്കുകളിൽ ഒതുക്കാനാകില്ല. ഒരിക്കലും ഇത്ര വലിയ ഒരു പിന്തുണ പ്രതീക്ഷിച്ചില്ല. കടം വാങ്ങേണ്ടി വന്നില്ല. തുടർന്ന് അച്ഛന്റെ ചികിത്സയ്ക്കുള്ള പണവും ലഭിച്ചിട്ടുണ്ട്. ദൈവത്തിന്റെ സഹായം’, എന്നായിരുന്നു കുറച്ചുനാളുകൾക്ക് മുമ്പ് കൈലാസിന്റെ മകൾ ധന്യ വനിത പറഞ്ഞത്. അസുഖം തിരിച്ചറിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ വലിയ തുക ചികിത്സയ്ക്ക് ചെലവാകുമെന്ന് ഉറപ്പായപ്പോൾ അതിനുള്ള സാമ്പത്തിക ശേഷി അദ്ദേഹത്തിനോ കുടുംബത്തിനോ ഇല്ലെന്ന് മനസിലാക്കി സീരിയലിലെ സഹപ്രവർത്തകർ സോഷ്യൽ മീഡിയ വഴിയാണ് സഹായമഭ്യർഥിച്ച് പണം സ്വരൂപിച്ചത്.

ബ്രാഹ്മിൺ സമുദായത്തിൽപെട്ടയാളാണ് കൈലാസ് നാഥ്. പുകവലിയോ മദ്യപാനമോ ഒന്നും ഉണ്ടായിരുന്നില്ല. ഇവയൊന്നും കാരണവുമല്ല അദ്ദേഹത്തിന്റെ ലിവർ ഡാമേജ് ആയതും. പൂജയും പ്രാർത്ഥനയുമായി കഴിഞ്ഞിരുന്ന അദ്ദേഹം സഹപ്രവർത്തകരോട് എപ്പോഴും തമാശ പറഞ്ഞ് സംസാരിക്കുന്ന ആളായിരുന്നു. അതുകൊണ്ട് തന്നെയാണ് കൈലാസിന്റെ വേർപാട് സഹപ്രവർത്തകർക്ക് നീറ്റലാകുന്നതും. മലയാളത്തിൽ തിളങ്ങും മുമ്പ് തമിഴിലായിരുന്നു കൈലാസ് സജീവമായിരുന്നത്. ഒരു തലൈ രാഗം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തിയത്. ബമ്പർ ഹിറ്റായിരുന്നു തമിഴിൽ ആ ചിത്രം. പിന്നാലെ അദ്ദേഹത്തിന്റെ പാലവനൈ ചോല എന്ന ചിത്രത്തിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി.