മക്കളെ ഉണ്ടാക്കി ഇടാന്‍ ആര്‍ക്കും പറ്റും, നല്ലൊരു അപ്പനാകുക എന്നത് പുണ്യമാണ്; കുറിപ്പ്

അപ്പന്മാരുടെ ചങ്കിലേക്ക് ചില ഓർമ്മപ്പെടുത്തലുകൾ ആണ്‌ ഈ കുറിപ്പ്. ഒരു പിതാവ് മാത്രമല്ല നാളെ പിതാവാകാൻ കാത്തിരിക്കുന്ന ആൺകുട്ടികൾക്കും ഇത് ഉപകാരമാവും. മക്കളെ ഭൂമിയിൽ ഉണ്ടാക്കി ഇടാൻ ആർക്കും പറ്റും. എന്നാൽ നല്ല അപ്പനാവുക എന്നതിലാണ്‌ കാര്യം. വീട്ടിൽ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടേൽ ആൺകുട്ടിക്ക് ഒപ്പം അവൾക്കും തുല്യ പരിഗണന വേണം നല്കാൻ. നാളെ സ്ത്രീയെ ബഹുമാനിക്കാന്‍ സഹോദരിയിലൂടെ അവനും ശീലിക്കട്ടെ. സൈക്കോളജിസ്റ്റ് കലാ മോഹന്റെ വനിതാ ദിനത്തിലേക്കുള്ള കുറിപ്പാണ്‌ ശ്രദ്ധേയമാകുന്നത്

മക്കള്‍ വളര്‍ന്നുവരുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആധിയാണ്. പെണ്‍ കുട്ടിയാണെങ്കില്‍ ആ ആധി പതിന്മടങ്ങ് വര്‍ദ്ധിക്കും. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ രക്ഷിതാക്കളുടെ ഉള്ളില്‍ പല തരത്തിലുള്ള ആവലാതികള്‍ ഉണ്ട്. 12 വയസ്സായിട്ടും പ്രായം ആയിട്ടില്ലെന്നും മകളെ പഠിപ്പിക്കണമെന്നും കല്ല്യാണ കഴിപ്പിച്ച് വിടണം അതല്ലെങ്കില്‍ അവള്‍ ആരുടെയെങ്കിലും കൂടെ പോകുമോ അങ്ങനെ തുടങ്ങി നിരവധി ആശങ്കകളാണ് രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്നത്. അത്തരത്തില്‍ ഒരു രക്ഷിതാവിന്റെ ആധിക്കുള്ള മറുപടി നല്‍കുകയാണ് കൗണ്‍സലിംഗ് സൈക്കോളജിസ്റ് കല.  നല്ല രക്ഷിതാക്കള്‍ എങ്ങനെയാകണമെന്ന് വിശദീകരിക്കുകയാണ് ഈ കുറിപ്പിലൂടെ. അച്ഛന്റെയും അമ്മയുടെയും കരുതലില്‍ അവള്‍ നല്ലൊരു വനിതയായി മാറട്ടെയെന്നും പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

വനിതാ ദിനത്തിൽ അച്ഛന്മാരും അറിയണം ചിലത്, നല്ലൊരു അപ്പനാകുക എന്നതൊരു പുണ്യമാണ്
എന്റെ മകൾക്കു പന്ത്രണ്ടു വയസ്സാണ്.. അവൾക്കു പ്രായം ആയിട്ടില്ല.. എന്തൊക്കെ ശ്രദ്ധിക്കണം?
എനിക്കും എന്റെ ഭാര്യയ്ക്കും അവളുടെ അച്ഛനമ്മമാർ എന്ന നിലയ്ക്ക് കാര്യങ്ങൾ പറഞ്ഞു തരുമോ.. എനിക്കു വന്ന ഒരു മെസ്സേജ് ആണിത്.. അതൊരു അപ്പന്റെ ഉള്ളിലെ ആധി ആണല്ലോ എന്നോർത്ത് സന്തോഷം തോന്നി..
ഒരു പെൺകുട്ടിയ്ക്ക് കിട്ടേണ്ട വലിയ ഭാഗ്യം എന്നാലത് അത് തന്നെയാണ്… നല്ലൊരു അപ്പനാകുക എന്നത് പുണ്യമാണ്.. മക്കളെ ഭൂമിയിൽ ഉണ്ടാക്കി ഇടാൻ ആർക്കും പറ്റും..

ഇനി, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? എന്താണ് Art Of Parenting? അവൾക്കു പന്ത്രണ്ടു വയസ്സായി..
യുവതി ആയേക്കും ഏതു നിമിഷവും.. അവളിലെ വ്യക്തി വളരുക ആണ്.. വ്യക്തിത്വം മാറുക ആണ്.. അതിനു അംഗീകാരം കൊടുക്കുക, ബഹുമാനം നൽകുക.. അവളിലെ മകളെ സ്നേഹവും കരുതലും എന്താണെന്നു പ്രകടമാക്കി വളർത്തുക.. സ്നേഹിക്കപ്പെടുക എന്നത് എത്ര മനോഹരമായ വികാരമാണെന്നു അവൾ ഉൾകൊള്ളുമ്പോൾ, സ്നേഹിക്കാനും അവൾ ശീലിക്കും.. കൊച്ചു കുറുമ്പുകൾക്കു അമിതമായ ശിക്ഷ നൽകാതെ ഇരിക്കുക.. പരസ്യമായി അവളെ കുറ്റപ്പെടുത്താതിരിക്കുക.. രക്ഷിക്കുന്ന കൈകൾക്കു ശിക്ഷിക്കാനും അവകാശമുണ്ടെന്ന് അവൾ പിണക്കമില്ലാതെ ഉൾകൊള്ളാൻ ശീലിക്കും..

തുറന്ന ചർച്ചകൾ നല്ലതാണ്..അവളുടെ ചില സംശയം തീർക്കാൻ കഴിയുന്നില്ല എങ്കിൽ അതിനു വിദഗ്ദ്ധ സഹായം സ്വീകരിച്ചു, അവൾക്കു വ്യക്തത വരുത്തിയെടുക്കാം.. പ്രണയം എന്നാലത് പാപം എന്ന് പറഞ്ഞു കൊടുക്കാതെ തിരഞ്ഞെടുപ്പിലെ നന്മയും തിന്മയും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം..നാളെ ഒരു പുരുഷന്റെ മർദ്ദനം ഏറ്റു അവളുടെ ജീവിതം ഹോമിക്കാൻ ഇടവരരുത് എന്ന പോലെ, അവളാൽ ക്രൂശിക്കപ്പെട്ടു ഒരുവൻ ഇല്ലാതെ ആകുകയും ചെയ്യരുത്.. തന്നെ വേണ്ടാത്ത പ്രണയത്തിനു പിന്നാലെ പോയി ജീവിതം തുലയ്ക്കരുത്.. അത് പോൽ, പ്രണയം എന്നത്, നേരമ്പോക്കായി കണ്ടു സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കരുത്..ആണിന്റെ അടിമ ആകാനല്ല അവനോടൊപ്പം തോളോട് തോൾ ചേർന്ന് നിന്നു സമാധാനത്തോടെ, അന്തസ്സോടെ, ജീവിതം കൊണ്ട് പോകാൻ അവളെ പ്രാപ്ത ആക്കുക…

വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന് അവളെ ബോധ്യപ്പെടുത്തി വളർത്തുക .തന്റേടത്തോടെ ജീവിക്കാനുള്ള പ്രാപ്തി നേടിയെടുത്ത ശേഷം വിവാഹം കഴിക്കുക…സത്യം പറയാൻ ശീലിപ്പിക്കുക..എന്ത് തെറ്റു ചെയ്താലും ഏറ്റു പറഞ്ഞാൽ മാപ്പ് കിട്ടുന്ന ഇടമാണ് മാതാപിതാക്കൾ എന്ന വിശ്വാസത്തിനു അപ്പുറം അവൾക്കു കിട്ടാവുന്ന ആത്മധൈര്യം മറ്റൊന്നില്ല..ഇരുപത്തിനാലു മണിക്കൂറും അവളുടെ പിന്നാലെ നടക്കേണ്ട..കുറച്ചു സമയം അവളെ മനസ്സിലാക്കാൻ തക്ക രീതിയിൽ വിനിയോഗിക്കുക..അവൾക്കു അവളുടേതായ സ്വകാര്യത ഉണ്ടെന്ന് മറക്കരുത്…
മക്കളുടെ ജീവിതത്തിന്റെ ഉടമ എന്ന മനോഭാവം നന്നല്ല..ലോകത്ത് ഒരു അടിമയും ഉടമയെ സ്നേഹിച്ച ചരിത്രം ഇല്ല..കുടുംബത്തിൽ അവൾക്കു കൂട്ടായി സഹോദരൻ ഉണ്ടേൽ,തുല്യ സ്ഥാനം കൊടുത്തു വളർത്തുക..
നാളെ സ്ത്രീയെ ബഹുമാനിക്കാൻ സഹോദരിയിലൂടെ അവനും ശീലിക്കട്ടെ..അച്ഛന്റെയും അമ്മയുടെയും കരുതലിൽ അവൾ നല്ലൊരു വനിതയായി മാറട്ടെ .