അച്ഛൻ ഷർട്ട് ഇടുമായിരുന്നില്ല, ഇടാൻ അറിയുമായിരുന്നില്ല, അന്ന് ഷർട്ടിട്ടപ്പോൾ വയ്യാത്ത അവസ്ഥയിലായിരുന്നു- മണി

കലാഭവൻ മണിയുടെ പഴയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ജീവിതത്തെക്കുറിച്ചാണ് മണി ജോൺ ബ്രിട്ടാസുമായുള്ള തുറന്നു സംസാരിക്കുന്നത്. അച്ഛനെക്കുറിച്ച് മണി പറയുന്നതിങ്ങനെ, അച്ഛൻ പണിയെടുക്കുന്ന സമയത്ത് അവിടെ ചെന്നിട്ട് പാള രണ്ടുസൈഡും കെട്ടിയിട്ട് മാങ്ങ കൊണ്ട് തരുമായിരുന്നു. കൂടെ എന്റെ കൂട്ടുകാരന്മാർകാണും . ആരുടെ ദേഹത്താണോ മാങ്ങ തട്ടിയിട്ട് വീഴുന്നത് ആ മാങ്ങ അവർക്ക് ആണ് എന്ന് കൂട്ടുകാരന്മാർ പറയുമായിരുന്നു. ആ നാളുകൾ ഒരിക്കലും നമുക്ക് മറക്കാൻ ആകില്ല .

അച്ഛൻ ഷർട്ട് ഇടുമായിരുന്നില്ല. ഷർട്ട് ഇടാൻ അറിയുമായിരുന്നില്ല. അറിയാത്തോണ്ട് മാത്രം അല്ല ഷർട്ട് ഇല്ലാഞ്ഞിട്ടാണ്. എന്റെ കല്യാണത്തിന്റെ അന്നാണ് അദ്ദേഹം ഷർട്ട് ഇടുന്നത്. കസേരയിൽ ഇരിക്കാൻ അറിയില്ല. അച്ഛൻ ഇരുന്നത് പൊന്തുകാലിൽ ആണ്. അച്ഛന് ആണെങ്കിൽ അന്ന് ഷർട്ട് ഇട്ടിട്ട് ചൊരിഞ്ഞിട്ടും വയ്യാത്ത അവസ്ഥ ആയിരുന്നു.

അമ്മ പ്രസവം നിറുത്തിയതിനുശേഷമാണ് മണി ജനിക്കുന്നത് അതിനെക്കുറിച്ച് പറയുന്നതിങ്ങനെ, സർക്കാറും വൈദ്യശാസ്ത്രവും തടയാൻ ശ്രമിച്ചിട്ടും മാണിയുടെ വരവിനെ വേണ്ടെന്നു വയ്ക്കാൻ ആയില്ല, ദാരിദ്ര്യത്തിന്റെ ചൂളം വിളികൾക്ക്‌ നടുവിലേക്ക്‌ ഞാനും പിറന്നുവീണു. 71 ലെ പുതുവത്സരരാവിൽ. ചാലക്കുടിക്കാരൻ രാമന്റേയും, അമ്മിണിയുടേയും ആറാമത്തെ പുത്രനായി. നാല്‌ പെൺമക്കൾക്ക്‌ പിന്നാലെ ഒരു ആണിനെ ലഭിച്ച സന്തോഷത്തി ൽ അമ്മ പ്രസവം നിർത്തി. എന്നാൽ ചാലക്കുടി ആശുപത്രിയിലെ ഡോക്‌ടർമാർക്ക്‌ സംഭവിച്ച കയ്യബദ്ധത്തിൽ ഭാഗ്യം സിദ്ധിച്ചത്‌ എനിക്കായിരുന്നു. അങ്ങനെ ചാലക്കുടി ആശുപത്രിയിൽ ഡോക്‌ടർമാർക്ക്‌ പേരുദോഷമായി മണി ഭൂജാതനായി. അതിനുശേഷവും അമ്മ പ്രസവിച്ചു. ഒരുപക്ഷേ അനുജൻ രാമകൃഷ്‌ണന്റെ ജൻമവും ദൈവം തീരുമാനിച്ചതായിരിക്കണം.

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച് വളർന്ന സാഹചര്യത്തെക്കുറിച്ചും കലാരംഗത്തേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പാട്ടുകളിലെല്ലാം ഇതേക്കുറിച്ച് സൂചിപ്പിക്കാറുമുണ്ടായിരുന്നു. സ്വപ്നം കണ്ടതിനും അപ്പുറത്ത് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. എന്നും തനിക്കൊപ്പമുള്ള ആരാധകരോട് പ്രത്യേകമായൊരു സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്.

സമുദായം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ചെറിയവേഷങ്ങൾ ചെയ്‌ത് മണി ഉയരുകയായിരുന്നു. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായി അഭിനിയിച്ചു. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ മണിയെ തേടിയെത്തി. ഉദ്യാനപാലകൻ, ഭൂതക്കണ്ണാടി എന്നീ ചിത്രങ്ങളിൽ സീരിയസ് വേഷമായിരുന്നു.വിനയൻ എന്ന സംവിധായകനാണ് കലാഭവൻ മണിയെ നായകനിരയിലേക്കുയർത്തിയത്. വിനയൻ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകർ സ്വീകരിച്ചതോടെ മണിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി.നടൻ എന്നതിനൊപ്പം നല്ല ഗായകൻ കൂടിയാണ് കലാഭവൻ മണി. നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. സ്റ്റേജ് ഷോകളിൽ മണി പാടിയും ആടിയും സദസിനെ ഇളക്കി മറിച്ചു. ഒരുപാട് സിനിമകളിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ദേശീയ പുരസ്കാരം മുതലിങ്ങോട്ട് നിരവധി അവാർഡുകളും മണിയെ തേടിയെത്തി.