കൊലപാതകത്തിന് മുൻപ് കുറ്റവിചാരണ, ദൃശ്യങ്ങൾ ഫോണിൽ പകർത്തി, കലൂരില്‍ നടന്നത് അതിക്രൂര കൊലപാതകമെന്ന് പോലീസ്

കൊച്ചി: കലൂരില്‍ ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ഇരുപതിലധികം തവണയാണ് യുവതിക്ക് കുത്തേറ്റത്. കഴുത്തിലും വയറിലുമുൾപ്പെടെ കുത്തേറ്റിട്ടുണ്ട്. കൊലപാതകത്തിനു മുൻപ്‌ പെൺകുട്ടിയെ വിചാരണ നടത്തി ദൃശ്യം പ്രതി മൊെബെൽ ഫോണിൽ പകർത്തുകയും ചെയ്തു.

ചങ്ങനാശ്ശേരി ചീരൻവേലിയിൽ രവിയുടെ മകൾ രേഷ്മ (27)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോഴിക്കോട് കന്തലാട് തലയാട് ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന തോട്ടിൽ വീട്ടിൽ നൗഷാദിന്റെ (30) അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ സുഹൃത്തും കുറ്റകൃത്യം നടന്ന ഹോട്ടലിന്റെ കെയര്‍ടേക്കറുമാണ് പ്രതി. കുത്തും മുന്‍പ്, രേഷ്മയെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നൗഷാദ് പകര്‍ത്തിയത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ദൃശ്യങ്ങളില്‍ രേഷ്മയും നൗഷാദും തമ്മില്‍ വലിയ തര്‍ക്കം നടന്നതായി കാണുന്നുണ്ട്. തന്നെ അപായപ്പെടുത്താന്‍ ദുര്‍മന്ത്രവാദം നടത്തിയെന്നാരോപിച്ചാണ് കുറ്റവിചാരണ നടത്തുന്ന രീതിയില്‍ നൗഷാദ് രേഷ്മയെ പീഡിപ്പിച്ചത്. പീഡനം സഹിക്കാനാകാതെ ‘അങ്ങനെയെങ്കില്‍ എന്നെ കൊന്നേക്കൂ’ എന്ന് രേഷ്മ പറയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.തുടര്‍ന്ന് നൗഷാദ് കത്തിയെടുത്ത് തുടര്‍ച്ചായി കുത്തുകയായിരുന്നു. കുത്തിയ വിവരം ഹോട്ടലിന്റെ ഉടമയോട് ഇയാള്‍ പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തി നൗഷാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സാമൂഹിക മാധ്യമം വഴിയാണ് രേഷ്മയും നൗഷാദും പരിചയപ്പെട്ടത്. മൂന്നുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. സംഭവ ദിവസം നൗഷാദ് രേഷ്മയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മദ്യവും മയക്കുമരുന്നും നൗഷാദ് ഉപയോഗിച്ചിരുന്നുവെന്നും കസ്റ്റഡിയിലെടുക്കുമ്പോഴും ഇയാള്‍ ലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.