കണ്ടല ബാങ്ക് കള്ളപ്പണകേസിൽ ഭാസുരാംഗന്‍റെ ഭാര്യ അടക്കം 4 പ്രതികൾക്ക് ജാമ്യം

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ മുഖ്യപ്രതി ഭാസുരാംഗന്‍റെ ഭാര്യ അടക്കം 4 പ്രതികൾക്ക് കോടതി ജാമ്യം നൽകി. കേസിൽ 3 മുതൽ 6 വരെയുള്ള പ്രതികളായ ഭാസുരാംഗന്‍റെ ഭാര്യ ജയകുമാരി, മക്കളായ അഭിമ, അശ്വതി, മകളുടെ ഭർത്താവ് ബാലമുരുകൻ എന്നിവർക്കാണ് ജാമ്യം നൽകിയത്. മുൻ സി പി ഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്‍റുമായ ഭാസുരാംഗനും മകൻ അഖിൽ ജിത്തുമാണ് ഒന്നും രണ്ടും പ്രതികൾ.

അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോൾ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന് കോടതി വ്യക്തമാക്കി.കോടതി നിർദ്ദേശപ്രകാരമാണ് ഇന്ന് പ്രതികൾ നേരിട്ട് ഹാജരായി ജാമ്യമെടുത്തത്.

ഭാസുരാംഗൻ ബാങ്ക് പ്രസിഡന്‍റായിരുന്ന കാലയളവിൽ കുടുംബാംഗങ്ങളുടെ പേരിൽ ഒരേ വസ്തു ഈടായി നൽകി 3 കോടി 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇ ഡി കണ്ടെത്തിയത്. കള്ളപ്പണത്തെക്കുറിച്ച് പ്രതികൾക്ക് കൃത്യമായ അറിവുണ്ടായരുന്നെങ്കിലും തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഇടപെടില്ലെന്ന നിഗമനത്തിൽ ഇവരെ അറസ്റ്റ് ചെയ്യാതെയാണ് ഇ ഡി കുറ്റപത്രം നൽകിയത്. ഇവരുടെ ജാമ്യാപേക്ഷ കൊച്ചിയിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നിലവിൽ ഇരുവരും റിമാൻഡിലാണ്.

അതേസമയം കണ്ടല ബാങ്ക് ക്രമക്കേട് കേസിൽ ഇ ഡി സമർപ്പിച്ച ആദ്യഘട്ട കുറ്റപത്രത്തിൽ മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എൻ ഭാസുരാംഗൻ ബെനാമി പേരിൽ 51 കോടി രൂപ വായ്പ തട്ടിയെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. കണ്ടല ബാങ്കിൽ നിന്ന് കോടികൾ എവിടേക്ക് പോയെന്ന അന്വേഷണത്തിലാണ് മുൻ പ്രസിഡന്‍റ് എൻ ബാസുരാംഗനും കുടുംബവും കരുവന്നൂർ മാതൃകയിൽ നടത്തിയ വഴിവിട്ട ഇടപെടലിന്‍റെ വിവരം ഇ ഡിയ്ക്ക് ലഭിച്ചത്.

ബാങ്കിൽ നിന്ന് ലോൺ തട്ടാൻ ഭാസുരാംഗന് ബെനാമി അക്കൗണ്ടുകളുണ്ടായിരുന്നു. ശ്രീജിത്, അജിത് എന്നീ പേരിലുള്ളത് ബെനാമി അക്കൗണ്ടുകളിലൂടെയാണ് പണം തട്ടിയത്. കൃത്യമായ ഈടുകളൊന്നുമില്ലാതെ ഈ അക്കൗണ്ടുവഴി 51 കോടി രൂപയുടെ വായ്പ നൽകി. വർഷങ്ങളായി തിരിച്ചടവ് മുടങ്ങിയിട്ടും ഈ ലോൺ വിവരം സഹകരണ ജോ. രജിസ്ട്രാർക്ക് കൈമാറരുതെന്ന് ഭാസുരാംഗൻ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.