എന്നേക്കാൾ ഇരട്ടി പ്രായമുള്ളവർക്ക് അമ്മയായി അഭിനയിക്കുന്നത് ശരിയല്ലെന്ന് തോന്നി; കനിഹ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മുൻനിര നായികയായി എത്തിയ നടിയാണ് കനിഹ. തെലുങ്ക് സിനിമയിലൂടെ എത്തിയ താരം പിന്നീട് തമിഴിവും മലയാളത്തിലും തിളങ്ങി. പൊതുവെ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന നടിമാരാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ കനിഹ കരിയറിൽ തിളങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നു.

ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കനിഹ.ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.അവസരങ്ങൾ കുറഞ്ഞെന്ന് പറയാൻ പറ്റില്ല. പല കാരണങ്ങളാൽ ഞാൻ നോ പറയുകയായിരുന്നു. ആദ്യ സിനിമ ചെയ്യുമ്പോൾ സിനിമാ സ്വപ്നം ഉള്ളയായാളായിരുന്നില്ല. നമുക്ക് എന്ത് അവസരം വരുന്നോ അത് സ്വീകരിച്ച് 100 ശതമാനം കൊടുക്കുക എന്ന രീതിയാണ് തനിക്ക്. സിനിമയിൽ വന്നിട്ട് 20 വർഷമായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സിനിമ നല്ലതാണ്.

ഈ കരിയറിൽ തുടർന്നാലെന്താണെന്ന് തോന്നി. ദൈവാനു​ഗ്രഹത്താൽ അവസരങ്ങൾ വന്ന് കൊണ്ടിരുന്നു. അതിന് ശേഷം കല്യാണം കഴിച്ചു, കുഞ്ഞായി. ഇൻഡസ്ട്രിയിൽ ഒതുങ്ങിപ്പോവുമെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ എനിക്കങ്ങനെ സംഭവിച്ചിട്ടില്ല. കുറഞ്ഞത് മലയാളം ഇൻഡസ്ട്രിയിലെങ്കിലും. തമിഴിൽ അത്തരം വേർതിരിവുകൾ ഉണ്ടായിട്ടുണ്ടെന്നും കനിഹ പറഞ്ഞു. കല്യാണം കഴിഞ്ഞ് കുട്ടിയായ ശേഷം എനിക്ക് വരുന്ന റോളുകൾക്ക് ഒരു ബന്ധവുമില്ല. ഈ ലുക്കിൽ ആ റോളിനോട് ഞാനെങ്ങനെ നീതി പുലർത്തും. വരലാര് എന്ന സിനിമയിൽ അജിത്തിന്റെ അമ്മയായും നായികയായും അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം അതേപോലുള്ള റോളുകൾ വന്നു.

അമ്മ റോളുകൾ ചെയ്യില്ല എന്നല്ല പറയുന്നത്. അതിനോട് നീതിപുലർത്തേണ്ടെ. എന്നേക്കാൾ ഇരട്ടി പ്രായമുള്ളവർക്ക് അമ്മയായി അഭിനയിക്കുന്നത് ശരിയല്ലെന്ന് തോന്നി. മനസ്സിന് ഇഷ്ടപ്പെടാത്ത കാര്യം എന്തിന് ചെയ്യണം. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്കെത്താം. പക്ഷെ അതിനും മോശം വശമുണ്ട്. ഏത് വസ്ത്രം ധരിച്ചാലും മോശം കമന്റുകളാണ്. അമ്മയായ നിങ്ങൾ ഇത്തരം വസ്ത്രം ധരിക്കാമോയെന്നാെക്കെ. മുമ്പൊക്കെ അത് വേദനിപ്പിച്ചിരുന്നു. എന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നു. ഇപ്പോൾ അതൊന്നും ​ഗൗനിക്കുന്നില്ലെന്ന് കനിഹ പറഞ്ഞു.

2008 ജൂൺ പതിനഞ്ചിനായിരുന്നു കനിഹ വിവാഹിതയാകുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായി പ്രവർത്തിക്കുന്ന ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭർത്താവ്. മുൻ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനാണ് ശ്യാം രാധാ കൃഷ്ണൻ. സായി റിഷി എന്നൊരു മകനുമുണ്ട് ഇവർക്ക്. 2010ലാണ് കുട്ടി ജനിച്ചത്.