കണ്ണൂർ വിസിയും തിരുവനന്തപുരം മേയറും രാജിവെക്കണം – കേന്ദ്ര മന്ത്രി വി മുരളീധരൻ

കൊച്ചി. പ്രിയ വർഗീസുമായി ബന്ധപ്പെട്ട വഴിവിട്ട നിയമനം പുറത്തുവന്ന സാഹചര്യത്തിൽ കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ രാജിവെക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. തിരുവനന്തപുരം മേയറും രാജിവെക്കണം. വഴിവിട്ട നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയാറാകണം. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നിയമ നിർമാണം എന്തിന് നടത്തുന്നുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം – വി മുരളീധരൻ ആവശ്യപ്പെട്ടു.

ഗവർണർ വഴിവിട്ട് എന്ത് ചെയ്തെന്നെങ്കിലും പറയാനുള്ള ബാധ്യതയുണ്ട്. കൊച്ചി നഗരത്തിലെ കാന മൂടാൻ പണമില്ലാത്ത സർക്കാരാണ് നിയമയുദ്ധത്തിനായി കോടികൾ മുടക്കുന്നത്. ഗവർണർമാരെ ചാൻസലർമാരായി നിലനിർത്തുന്ന കേന്ദ്രനിയമം പരിഗണനയിൽ ഉള്ളതായി അറിയില്ല. സിൽവർ ലൈൻ പദ്ധതി നടപ്പാകില്ലെന്ന് താൻ നേരത്തേ പറഞ്ഞതാണെന്ന് വി മുരളീധരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനായിരുന്നില്ല സർക്കാരിന് താത്പര്യം. റിയൽ എസ്റ്റേറ്റ് ലോബിക്ക് വേണ്ടിയാണ് ഭൂമിഏറ്റെടുക്കലെന്ന് നേരത്തേ തന്നെ ആരോപണമുയർന്നിരുന്നു – വി മുരളീധരൻ പറഞ്ഞു.

തെലങ്കാനയിൽ സർക്കാർ ചെയ്യുന്നത് ആസൂത്രിത നീക്കമാണ്. എംഎൽഎമാരെ റാഞ്ചാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു. അന്തർ സംസ്ഥാന ബന്ധമുള്ള സംഭവമാന്നെങ്കിൽ സിബിഐ അന്വേഷിക്കട്ടേയെന്ന് തീരുമാനിച്ചു കൂടെ? കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കി എംഎൽഎമാരെ കൂടെക്കൂട്ടിയവരാണ് ഇപ്പോൾ ബിജെപി റാഞ്ചാൻ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നത്. വി മുരളീധരൻ പരിഹസിച്ചു.