കണ്ണൂർ വിസി നിയമനം; നിർണായക കത്തുകൾ ലോകായുക്തയിൽ കൈമാറി സർക്കാർ

കണ്ണൂർ സർവകലാശാല വി സി നിയമന വിവാദത്തിൽ നിർണായക കത്തുകൾ സർക്കാർ ലോകായുക്തയിൽ കൈമാറി. പേര് നിർദേശിക്കാനുണ്ടോയെന്ന് ആവശ്യപ്പെട്ട് ഗവർണ്ണറുടെ ഓഫിസിൽ നിന്ന് കത്ത് ലഭിച്ചിരുന്നു. ഗവർണറുടെ കത്തിന് മറുപടിയായാണ് ശുപാർശ കത്തയച്ചതെന്നാണ് സർക്കാർ വിശദീകരണം. രണ്ട് കത്തുകളും സർക്കാർ ലോകായുകതയിൽ സമർപ്പിച്ചു. വി സി നിയമനത്തിൽ മന്ത്രി പ്രൊഫ. ബിന്ദുവിനെതിരായ ഹർജിയിൽ വെള്ളിയാഴ്ച ലോകായുക്ത ഉത്തരവ് വരും.

ഏറെ നിര്‍ണായകമായ വാദ പ്രതിവാദങ്ങളാണ് രമേശ് ചെന്നിത്തലയുടേയും മന്ത്രി ആര്‍.ബിന്ദുവിന്റെ അഭിഭാഷകരും നടത്തിയത്. ചാന്‍സലര്‍, പ്രോ ചാലന്‍സലര്‍ എന്നിവര്‍ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. മന്ത്രിയുടെ കത്തില്‍ ഒരിടത്തും റെക്കമെന്റ് എന്നില്ല. പ്രൊപ്പോസ് എന്ന വാക്കാണുള്ളതെന്നും ലോകായുക്ത പറഞ്ഞു. എന്നാല്‍ തന്റെ പരാതി ചാലന്‍സലര്‍ക്കെതിരല്ലെന്നും രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്‍ പറഞ്ഞു.

മന്ത്രി ബിന്ദുവിന്റെ കത്തില്‍ പ്രെപ്പോസ് എന്നുമാത്രമാണുള്ളത്. അത് ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. പുതുതായി കോടതിയ്ക്ക് ഇതില്‍ എന്താണ് അന്വേഷിക്കാനുള്ളതെന്നും ഹര്‍ജിക്കാനോട് ലോകായുക്ത ചോദിച്ചു. പരാതിക്കാരന്റെ രാഷ്ട്രീയം നോക്കണം. പഴയ പ്രതിപക്ഷ നേതാവാണ് ഹര്‍ജിക്കാരനെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ലോകായുക്ത ഓര്‍ഡിനന്‍സിനെ സംബന്ധിച്ചും ഇന്ന് കോടതിയില്‍ പരാമര്‍ശമുയര്‍ന്നു. വിധി പറയുന്നതിന് മുന്‍പ് ലോകായുക്ത ഓര്‍ഡിനന്‍സ് നിലവില്‍ വരുമോയെന്നായിരുന്നു കോടതി ആരാഞ്ഞത്. സംസ്ഥാനത്ത് ലോകായുക്ത ഓര്‍ഡിനന്‍സിനെതിരേ പ്രതിഷേധം ശക്തമാകുമ്പോഴാണ് കോടതിയില്‍ തന്നെ അതിനെതിരേ പരാമര്‍ശമുയരുന്നതെന്നതും ശ്രദ്ധേയമാണ്.

മന്ത്രി ഗവര്‍ണര്‍ക്കയച്ച കത്തിന്റെ അനുബന്ധ ഫയലുകള്‍ നല്‍കാന്‍ നേരത്തെ തന്നെ ലോകായ്ക്ത ആവശ്യപ്പെട്ടിരുന്നു. ആ വിവരങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് വാദ പ്രതിവാദങ്ങള്‍ തുടങ്ങിയത്. ലോകായുക്ത ജസ്റ്റിസ് സിറയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ റഷീദും ചേര്‍ന്നാണ് വാദം കേട്ടത്. ഈ വാദത്തിലാണ് സര്‍ക്കാര്‍ അഭിഭാഷകനടക്കം ശക്തമായ നിലപാട് കോടതിയില്‍ അറിയിച്ചത്. വാദം തുടങ്ങുന്ന സമയത്ത് ലോകായുക്ത ചില വ്യക്തതകള്‍ ആരാഞ്ഞാണ് വാദം ആരംഭിച്ചത്. സമ്മര്‍ദ്ദം ഉണ്ടെങ്കില്‍ വിസി പുനഃനിയമനം ഗവര്‍ണര്‍ എന്തിന് അംഗീകരിച്ചുവെന്ന് ഉപലോകായുക്തയുടെ വിമര്‍ശനം ഉയര്‍ന്നു. പരാതി ചാന്‍സിലര്‍ക്കെതിരല്ലെന്ന് ചെന്നിത്തലയുടെ അഭിഭാഷകന്‍ തിരിച്ചു മറുപടി നല്‍കി. തുടര്‍ന്ന് ചാന്‍സലര്‍, പ്രോ ചാലന്‍സലര്‍ എന്നിവര്‍ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന് ലോകായുക്ത പറഞ്ഞു. ‘ഇല്ലാത്ത ഭാര്യയെ എങ്ങനെ തല്ലുമെന്നും’ വാദ പ്രിതവാദങ്ങളുടെ ഒരു ഘട്ടത്തില്‍ ലോകായുക്ത ചോദിച്ചു.