ഇസ്ലാം ഭീതി ആയുധമാക്കി രാഷ്ട്രീയം കളിക്കരുത്, മുഖ്യമന്ത്രിയോട് കാന്തപുരം

മലപ്പുറം: ഇസ്ലാംഭീതി വളര്‍ത്തി ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയില്‍ ആവശ്യമുന്നയിച്ചു. ഉത്തരവാദിത്തപ്പെട്ട മതേതര കക്ഷികള്‍ അത്തരം നീക്കങ്ങള്‍ക്കു മുതിര്‍ന്നാല്‍ മുസ്ലിം ജീവിതപരിസരം കൂടുതല്‍ ദുസ്സഹമാകും. മതങ്ങള്‍ തമ്മിലുള്ള അകലം കൂട്ടാനുള്ള നീക്കങ്ങളെ സര്‍ക്കാര്‍ തുറന്നെതിര്‍ക്കേണ്ടതുണ്ട്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിനു ശേഷം, കോണ്‍ഗ്രസ്, ലീഗ് നിയന്ത്രണത്തിലാണെന്നും അടുത്ത യു.ഡി.എഫ് കക്ഷി നേതൃത്വം ലീഗിനാവുമെന്നുള്ള മട്ടില്‍ വ്യാപകപ്രചാരണം സി.പി.എം കേന്ദ്രങ്ങള്‍ അഴിച്ചുവിട്ടിരുന്നു. പിണറായി വിജയന്‍ നേരിട്ട് അതേറ്റു പിടിച്ചു. ഇതിലെ അപകടം തിരിച്ചറിഞ്ഞ മലബാറിലെ മുസലിം നേതൃത്വം ഈ നിലപാടിനെതിരെ ഏകസ്വരത്തിലാണ് പ്രതിഷേധം കനപ്പിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നലപാടുകള്‍ ഏകപക്ഷീയമവരുതെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

സമസ്ത മുഖപത്രമായ സുപ്രഭാതം കടുത്ത ഭാഷയില്‍ മുഖപ്രസംഗമെഴുതിയിരുന്നു. കാന്തപുരം വിഭാഗം കൂടി നിലപാട് വ്യക്തമാക്കിയതോടെ സി.പി.എമ്മിന് പിറകോട്ട് പോകേണ്ടി വരും. സംഘപരിവാര്‍ രൂപപ്പെടുത്തിയെടുത്ത ഇസ്ലാംഭീതി രാഷ്ട്രീയത്തിന് പലവിധ കാരണങ്ങളാല്‍ ക്രിസ്ത്യന്‍ വിഭാഗത്തിലെ ചിലരുടെ ഇടയില്‍ വേരോട്ടമുണ്ടാകുന്നുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അതിന്റെ ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞ സാഹചര്യം നിയമസഭയിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങള്‍ തിടുക്കത്തിലായി എന്ന് വിലയിരുത്തുന്നുണ്ട്.

വെല്‍ഫയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് ഉണ്ടാക്കിയ നീക്കു പോക്കുകള്‍ തിരുവിതാംകൂറില്‍ വ്യാപകമായി എല്‍.ഡി.എഫും, ബി ജെ പിയും ചര്‍ച്ചയാക്കിയിരുന്നു. മുസ്ലിം വോട്ടിലെ എസ്.ഡി.പി.ഐ കടന്നുകയറ്റം, സമസ്തയുമായി സി.പി.എം നേതൃത്വം നടത്തുന്ന നേരിട്ടുള്ള ഇടപെടലുകള്‍, കാന്തപുരം വിഭാഗം സ്വീകരിക്കുന്ന സ്വതത്ര നിലപാടുകള്‍ എന്നിവയെല്ലാം നിയമസഭ തിരഞ്ഞെടുപ്പിനെ വലിയ തോതില്‍ സ്വാധീനിക്കാന്‍ കെല്‍പ്പുളളതാണ്.