സ്ത്രീകള്‍ മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കരുത്, പുരുഷന്‍മാരെ പോലെ തെരുവിലിറങ്ങരുത് ; കാന്തപുരം

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തിനെ വിമര്‍ശിച്ച്‌ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും. സ്ത്രീകൾ പുരുഷൻമാരെ പോലെ തെരുവിൽ ഇറങ്ങാൻ പാടില്ല. മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം പറയുന്നു. പൗരത്വനിയമത്തിനെതിരെ രാജ്യത്താകമാനം സ്ത്രീപുരുഷഭേദമന്യേ വലിയ തോതില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ സമരത്തിലിറങ്ങരുതെന്ന കാന്തപുരത്തിന്റെ പ്രതികരണം.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണം. കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന സീറോ മലബാർ സഭയുടെ ആരോപണം തെറ്റാണ്. ഐക്യം തകർക്കാൻ ഉദ്ദേശിക്കുന്നവർ പലതും കൊണ്ടുവരും. അതിൽ വീഴരുതെന്നും കാന്തുപുരം പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യം പ്രക്ഷോഭച്ചൂടിൽ ഉരുകുമ്പോഴാണ് മുസ്ലീം മതപണ്ഡിതർ ലിംഗതുല്യതയിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. നേരത്തെ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും സ്ത്രീകൾ സമരത്തിൽ പങ്കെടുക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു.

പൗരത്വനിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന സംയുക്ത പ്രതിഷേധത്തില്‍ കാന്തപുരം പങ്കെടുത്തിരുന്നു. സിപിഎം സംഘടിപ്പിച്ച മനുഷ്യശ്യംഖലയിലും മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ക്കൊപ്പം ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കാന്തപുരം എപി വിഭാഗം സുന്നികള്‍ ഭാഗമായിരുന്നു.

നേരത്തെ പൗരത്വ നിയമത്തിനെതിരേ മുസ്ലിം സ്ത്രീകള്‍ നടത്തുന്ന പ്രകടനങ്ങളെ വിമര്‍ശിച്ച് കേരള സുന്നി യുവജന സംഘം സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവും രംഗത്ത് വന്നിരുന്നു. ഖുറാനിെല വാചകങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫൈസിയുടെ വിമര്‍ശനം.

സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങുന്നത് സമൂഹത്തില്‍ അക്രമവും നാശവുമുണ്ടാക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ നേരത്തെയും പറഞ്ഞിരുന്നു. പുരുഷന്മാരെപ്പോലെ സ്ത്രീകളെ പൊതുരംഗത്ത് ഇറങ്ങാന്‍ ഇസ്ലാം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ത്രീ-പുരുഷ സമത്വത്തിനെതിരെ അദ്ദേഹം നടത്തിയ പ്രസംഗവും പരാമര്‍ശങ്ങളും വിവാദമായിരുന്നു.

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിയാൽ അത് അക്രമവും നാശവും ഉണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീകളെ പുരുഷന്മാരെപ്പോലെ പൊതുരംഗത്ത് ഇറങ്ങാൻ ഇസ്ലാം അനുവദിച്ചിട്ടില്ല. അതിന് ഒരുപാട് കാരണങ്ങളുണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിയാൽ നാശവും ബുദ്ധിമുട്ടും അക്രമവും ഉണ്ടാകും. അതെല്ലാം അനുവഭത്തിന്റെ വെളിച്ചത്തിൽ അറിയാവുന്നരാണ് ഇത് പറയുന്നതെന്നും കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ പ്രസംഗത്തിൽ വ്യക്തമാക്കി.

സമസ്ത കേരള ജംഇയത്തുൽ ഉലമ എപി വിഭാഗം അദ്ധ്യക്ഷനായ കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശം ഇതിനോടകം വലിയ ചർച്ചാവിഷയമായിട്ടുണ്ട്. കാന്തപുരത്തിന്റെ പ്രസംഗം ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ചകൾക്ക് തിരികൊളുത്തി. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുള്ളത്. ഇതാദ്യമായല്ല കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നത്. മൂന്ന് വർഷം മുൻപ് 2015ൽ കോഴിക്കോട് നടന്ന എസ്എസ്എഫിന്റെ ക്യാമ്പസ് കോൺഫറൻസിലും അദ്ദേഹം സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നു. കാന്തപുരം അന്ന് നടത്തിയ പ്രസംഗം പിന്നീട് വലിയരീതിയിൽ കേരള സമൂഹത്തിൽ ചർച്ചയാകുകയും ചെയ്തു. എന്നാൽ കാന്തപുരത്തിന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നായിരുന്നു എപി വിഭാഗത്തിന്റെ ആരോപണം.

സ്ത്രീ പുരുഷ സമത്വമെന്ന് ഇസ്ലാമികമോ മനുഷ്യത്വപരമോ ബുദ്ധിപരമോ അല്ലെന്നായിരുന്നു കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ അന്ന് അഭിപ്രായപ്പെട്ടിരുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരു ബെഞ്ചിൽ ഇരുന്ന് പഠിക്കണമെന്ന് വാശിപിടിക്കുന്നതിന് പിന്നിൽ ഒരു ഒളിയമ്പുണ്ടെന്നും, ഇസ്ലാമിക സംസ്കാരത്തെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീ പുരുഷ സമത്വം ഒരിക്കലും സാദ്ധ്യമല്ല. ആണും പെണ്ണും തുല്യരാണെന്ന് തെളിയിക്കാൻ ലോകത്ത് ആർക്കും കഴിയുകയില്ല. ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷനാണ്, പ്രതിസന്ധി ഘട്ടങ്ങളിൽ സ്ത്രീകൾ പൊതുവെ പകച്ചു പോകാറുണ്ട് തുടങ്ങിയ കാര്യങ്ങളും അന്നത്തെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.