കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ; തീയതി ഇന്ന് അറിയാം, വയനാട് ഉപതിരഞ്ഞെടുപ്പിൽ തീരുമാനം വ്യക്തമാകും

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 11.30ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടാവുക. രാഹുൽ ഗാന്ധിയുടെ അയോഗ്യതയെ തുടർന്ന് വയനാട് ഉപതിരഞ്ഞെടുപ്പിലെ കമ്മിഷന്റെ നിലപാടും ഇന്ന് വ്യക്തമാകും.
കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇറക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മുന്നേ വ്യക്തമാക്കിയിരുന്നു. 224 അംഗ കർണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കുകയാണ്. മേയിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപ്പോർട്ട്. 224 സീറ്റുകളിൽ 150 സീറ്റുകളെങ്കിലും നേടുകയെന്നതാണ് ബി ജെ പിയുടെ ലക്ഷ്യം.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ സാദ്ധ്യത തെളിയുന്നത്. ശിക്ഷാ വിധിക്ക് സ്റ്റേ വന്നില്ലെങ്കിലാണ് വയനാട് ഉപതിരഞ്ഞെടുപ്പുണ്ടാവുക. രാഹുലിന് രണ്ടു വർഷം ശിക്ഷ അടക്കം എട്ടു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല. നേരത്തെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ കമ്മീഷന്‍ അദ്ദേഹത്തിന്‍റെ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് കോടതി ഇടപെടലുകളെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.

എന്നാൽ രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് ഇതുവരെ മേല്‍ക്കോടതിയെ സമീപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, നിയമപോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.