കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സജേഷിനെ ഇന്ന് ചോദ്യം ചെയ്യും; അര്‍ജുന്‍റെ ബിനാമിയാണ് സജേഷ് എന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിവൈഎഫ്‌ഐ നേതാവ് സി സജേഷിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. സജേഷിന്റേ പേരിലുള്ള കാര്‍ ഉപയോഗിച്ചാണ് അര്‍ജുന്‍ ആയങ്കി കരിപ്പൂരില്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ പോയത്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കഴിഞ്ഞ ദിവസം സജേഷിന് നോട്ടിസ് നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസ് കോടതിയില്‍ പറഞ്ഞത്.

നിലവിൽ പിടിയിലായ അര്‍ജുന്‍ ആയങ്കിയെയും മുഹമ്മദ് ഷഫീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇരുവരെയും ഒരുമിച്ചിരുത്തി ആണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്

അതേസമയം സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസിലെ ഒന്‍പത് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശിഹാബ് ജാമ്യാപേക്ഷ നൽകിയിട്ടില്ല. 7 പേരുടെ അപേക്ഷ മഞ്ചേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. പ്രതികള്‍ ആയ മുബഷിര്‍, ഷുഹൈല്‍, സലിം, മുഹമ്മദ് മുസ്തഫ, ഫൈസല്‍, ഫയാസ്, ഫിജാസ്, സിസന്‍, സുഹൈല്‍ എന്നിവരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ തങ്ങൾ നിരപരാധികളാണെന്നും പൊലീസ് കെട്ടി ചമച്ച കേസില്‍ മനഃപൂര്‍വം കുടുക്കുകയായിരുന്നെന്നുവെന്നുമാണ് പ്രതികളുടെ വാദം.