18 ലക്ഷം വായ്പയുണ്ടായിരുന്ന ഭൂമി, 35 ലക്ഷത്തിന് സതീഷ് മറിച്ചുവെച്ച് പറ്റിച്ചു, കരുവന്നൂർ പ്രതിക്കെതിരെ വീട്ടമ്മ

തൃശൂര്‍. 18 ലക്ഷം വായ്പയുണ്ടായിരുന്ന ഭൂമി, 35 ലക്ഷത്തിന് സതീഷ് മറിച്ചുവെച്ച് പറ്റിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതി സതീഷ് കുമാറിന്‍റെ കൊള്ളയുടെ കൂടുതല്‍ വെളിപ്പെടുത്തലുമായി ടേക്ക് ഓവര്‍ തട്ടിപ്പിന് ഇരയായ സിന്ധു എന്ന വീട്ടമ്മ .

മുണ്ടൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് 18 ലക്ഷം രൂപ ലോണെടുത്തിരുന്നുവെന്ന് സിന്ധു പറയുന്നു. അസുഖത്തെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി. ഭര്‍ത്താവിന്‍റെ സുഹൃത്ത് വഴിയാണ് സതീഷ് എന്ന ആളുടെയടുത്ത് ചെന്നുപെട്ടത്. വായ്പ ഏറ്റെടുക്കാമെന്ന് പറഞ്ഞു. ടെയ്ക്ക് ഓവര്‍ ചെയ്യുമ്പോള്‍ ബ്ലാങ്ക് ചെക്കിലൊക്കെ ഇയാള്‍ ഒപ്പിട്ടുവാങ്ങിച്ചെന്ന് സിന്ധു പറയുന്നു.

19 ലക്ഷം മുടക്കി ആധാരം എടുത്ത സതീഷ് അത് ജില്ലാ സഹകരണ ബാങ്കിന്‍റെ പെരിങ്ങണ്ടൂര്‍ ശാഖയില്‍ 35 ലക്ഷത്തിന് മറിച്ചുവച്ചു.11 ലക്ഷം ബാങ്ക് സിന്ധുവിന്‍റെ പേരില്‍ നല്‍കി. ബാങ്കില്‍ നിന്നു പുറത്തിറങ്ങും മുന്‍പ് സതീഷ് ഇത് ബലമായി പിടിച്ചു പറിച്ചെന്ന് സിന്ധു പറയുന്നു. സ്വത്ത് വിറ്റ് ആധാരം തിരികെയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് മറന്നേക്കെന്ന് സതീഷ് ഭീഷണിപ്പെടുത്തിയെന്നും സിന്ധു വെളിപ്പെടുത്തി. സതീഷ് കുമാർ ചതിക്കുകയായിരുന്നെന്ന് പിന്നീടാണ് മനസ്സിലായതെന്ന് സിന്ധു പറഞ്ഞു.