കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി

തൃശൂര്‍. അന്വേഷണത്തോട് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍. കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പ്രതികള്‍ പറഞ്ഞതായി ഇഡി കോടതിയെ അറിയിച്ചു. പ്രതികളായ പിആര്‍ അരവിന്ദാക്ഷന്‍, ജില്‍സ് എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച കസ്റ്റഡി അവസാനിച്ച പശ്ചാത്തലത്തിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

കേസില്‍ രണ്ട് പേരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി പറഞ്ഞു. പല കാര്യങ്ങള്‍ ചോദിക്കുമ്പോഴും ഓര്‍മയില്ലെന്ന് പറയുന്നു. കേസിലെ ഒന്നാം പ്രതി സതീഷിന്റെ ഫോണിലെ ശബ്ദരേഖ തന്റേതാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും ഇഡി പറയുന്നു. എന്നാല്‍ സംസാരത്തെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങളോട് അരവിന്ദാക്ഷന്‍ പ്രതികരിക്കുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.

അതേസമയം ഇഡി ആറ് ശബ്ദരേഖ കേള്‍പ്പിച്ച ശേഷം 13 എണ്ണത്തില്‍ ഒപ്പുവെപ്പിച്ചുവെന്ന് കോടതിയില്‍ അരവിന്ദാക്ഷന് പരാതിപ്പെട്ടു. കസ്റ്റഡിയില്‍ വെച്ച് മര്‍ദനം ഉണ്ടായിട്ടില്ലെന്നും അരവിന്ദാക്ഷന്‍. കേസിലെ രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.