മയക്കുമരുന്ന് നല്‍കി 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; ഒരാൾ കൂടി അറസ്റ്റിൽ, സംഭവം കാസര്‍കോട്

കാസര്‍കോട്: 19-കാരിയെ മയക്കുമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരാളെ കൂടി അറസ്റ്റിൽ. ചെര്‍ക്കള കല്ലക്കട്ടയിലെ സാലിം (26) ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രതികൾ പെണ്‍കുട്ടിയെ ചെര്‍ക്കള, കാസര്‍കോട്, മംഗളൂരു, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുമെത്തിച്ച് ഒറ്റയ്ക്കും കൂട്ടമായും പീഡിപ്പിച്ചു.

തുടര്‍ച്ചയായുള്ള പീഡനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് കാസര്‍കോട് വനിതാ പോലീസ് കേസെടുത്തതും തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതും.

പീഡന പരമ്പരയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ഇതുവരെയെടുത്തത്. രണ്ടു പ്രതികളെ കൂടി കേസിൽ പിടികൂടേണ്ടതുണ്ട്. ഇവർക്കായി അന്വേഷണം നടത്തിവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.