കാസര്‍കോട് സുബൈദ കൊലക്കേസില്‍ ഒന്നാംപ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: കാസര്‍കോട് സുബൈദ കൊലക്കേസില്‍ ഒന്നാംപ്രതി കുഞ്ചാര്‍ കൊട്ടക്കണ്ണി സ്വദേശി കെ.എം. അബ്ദുള്‍ഖാദറി(30)ന് ജീവപര്യന്തം തടവ് ശിക്ഷ. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി.കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ കൊലപാതകം, ഭവനഭേദനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്. കേസില്‍ മൂന്നാംപ്രതിയായിരുന്ന കാസര്‍കോട് മാന്യ സ്വദേശി ഹര്‍ഷാദി(34)നെ കോടതി വെറുതെവിട്ടിരുന്നു.

അതേസമയം, പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട രണ്ടാംപ്രതി കര്‍ണാടക അസീസിനെ പിടികൂടാന്‍ കഴിയാത്തതിനാല്‍ വിചാരണയ്ക്ക് ഹാജരാക്കാനായിരുന്നില്ല. നാലാംപ്രതി കുതിരപ്പാടി സ്വദേശി പി.അബ്ദുള്‍അസീസിനെ കേസില്‍ മാപ്പുസാക്ഷിയാക്കി. കുടുംബശ്രീ പ്രസിഡന്റ് കൂടിയായ സുബൈദയെ 2018 ജനുവരി 17-നാണ് വീടിനുള്ളിൽ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സ്ഥലം നോക്കാനെന്ന വ്യാജേനയെത്തിയ പ്രതികള്‍ വെള്ളം ചോദിക്കുകയും തുടര്‍ന്ന് സുബൈദ വെള്ളമെടുക്കാനായി വീടിനകത്തേക്ക് പോയപ്പോള്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്

ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മുങ്ങുകയായിരുന്നു. മറ്റൊരു കേസില്‍ കര്‍ണാടകയിലെ കോടതിയില്‍ ഹാജരാക്കി തിരികെകൊണ്ടുവരുന്നതിനിടെ രണ്ടാംപ്രതി അസീസ് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു കേസില്‍ ആകെ നാലു പ്രതികളുണ്ടായിരുന്നത്. കര്‍ണാടകയിൽ നിന്നുള്ള മടങ്ങി വരവിൽ കാസര്‍കോട്ടേക്കുള്ള ബസ്സില്‍ ഇരിക്കുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞാണ് രണ്ടാം പ്രതിയായ അസീസ് പുറത്തിറങ്ങി.

എന്നാൽ സമീപത്തെ മതിലിനടുത്തേക്ക് മൂത്രമൊഴിക്കാനായി പോയ ഇയാള്‍ പെട്ടെന്ന് പോലീസിനെ കബളിപ്പിച്ച് മതില്‍ചാടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയും വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെയും ഇയാളെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.