പി.ജെ.ജോസഫിനെ അയോഗ്യനാക്കാൻ കത്ത് നൽകും: രണ്ടില ചിഹ്നം വിട്ടുകൊടുക്കില്ലെന്ന് ജോസ് കെ മാണി: മന്തുകാലന്റെ തൊഴിപോലെ ഏൽക്കില്ലെന്ന് പിജെ ജോസഫ്

കേരള കോൺഗ്രസ് (എം) നൽകിയ വിപ്പ് ലംഘിച്ച പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തു നൽകുമെന്നു പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രഖ്യാപിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.

കുട്ടനാട് തിരഞ്ഞെടുപ്പ് വി‍ജ്ഞാപനം വരുമ്പോൾ പാർട്ടി നിലപാട് പ്രഖ്യാപിക്കും. കുട്ടനാട്ടിൽ മത്സരിക്കുമെന്നു പി.ജെ. ജോസഫ് പറയുന്നത് ഏതു ചർച്ചയുടെ അടിസ്ഥാനത്തിലാണ്. മത്സരിച്ചാലും എത് ചിഹ്നത്തിലും മേൽവിലാസത്തിലും അവർ മത്സരിക്കുമെന്നും ജോസ് കെ.മാണി ചോദിച്ചു. രണ്ടില ചിഹ്നം വിട്ടു കൊടുക്കില്ല. പാലായിൽ ചിഹ്നം തരാത്തവർക്കുള്ള കാവ്യനീതിയാണ് ഇതെന്നും ജോസ് കെ.,മാണി, സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം കോട്ടയത്ത് പറഞ്ഞു.

അതേസമയം ജോസ് കെ മാണിയുടെ ഭീഷണി മന്തുകാലന്റെ തൊഴി പോലെയാണെന്ന് പിജെ ജോസഫ്. അയോഗ്യത ഏൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചിഹ്നത്തെക്കാളും പ്രധാനമാണ് ജനപിന്തുണയെന്നും കോടതി വിധി അനുകൂലമാകുമ്പോൾ തീരാവുന്ന പ്രശ്നമേ ഇപ്പോഴുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും റോഷി അഗസ്റ്റിൻ നൽകിയ വിപ്പ് ലംഘിച്ച സാഹചര്യത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്ന് ജോസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.

വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനായിരുന്നു റോഷി വിപ്പ് കൊടുത്തത്. പിജെ ജോസഫും മോൻസ് ജോസഫും ഇത് ലംഘിച്ചു. നാളെ സ്പീക്കർക്ക് പരാതി നൽകാനിരിക്കുകയാണ് ജോസ് വിഭാഗം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ആവർത്തിച്ചിരുന്നു. കാലങ്ങളായി കേരളാ കോൺഗ്രസ് മത്സരിച്ച് വന്ന മണ്ഡലമാണ്. അവിടെ സ്ഥാനാർത്ഥിയെ നിർത്താനുള്ള അവകാശവും കേരളാ കോൺഗ്രസിന് തന്നെയാണ്