സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. 24 മണിക്കൂറിനിടെ 1200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തിലെ ഏറ്റവും വലിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 150 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 37,680 രൂപയാണ് വില. ഗ്രാമിന് 4,710 രൂപയും പവന 37,680 രൂപയുമാണ് ഇന്നത്ത വില്‍പ്പന നിരക്ക്. കഴിഞ്ഞ ആഗസ്റ്റ് 7,8,9 തിയതികളിലാണ് സ്വര്‍ണ വില സര്‍വകാല നേട്ടമായ പവന് 42,000 രൂപയിലെത്തിയത്.

നവംബര്‍ 9 തിങ്കളാഴ്ച് ഗ്രാമിന് 4,860 രൂപയെന്ന തോതില്‍ പവന് 38,880 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം വലിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച 100 ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,880 ഡോളറാണ് നിലവിലെ നിരക്ക്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ വിലയില്‍ തിങ്കളാഴ്ച 100 ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി.

അതേസമയം ദീപാവലിയ്ക്ക് തൊട്ടുമുന്‍പ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ത്യന്‍ വിപണിയില്‍ കുത്തനെ ഇടിഞ്ഞത് ഫെസ്റ്റിവല്‍ ഷോപ്പിംഗ് നടത്താന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് അനുഗ്രഹമായിരിയ്ക്കുകയാണ്. രാജ്യാന്തര തലത്തില്‍ കൊവിഡ് അനിശ്ചിതങ്ങള്‍ തുടരുന്നതും, കൊവിഡ് വാക്‌സിന്‍ വാര്‍ത്തയും, ശക്തമായ വില്പനയും, ഡോളര്‍ ശക്തി പ്രാപിക്കുമെന്ന അനുമാനവും സ്വര്‍ണ വിലയില്‍ കുറവുണ്ടാകാന്‍ ഇടയാക്കി. അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ അകന്നതോടെയാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്.