കണ്ണൂർ സര്‍വകലാശാലയ്‌ക്കെതിരെ ഗവര്‍ണര്‍ ഹൈക്കോടതിയില്‍;സിൻഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ടവിരുദ്ധം

ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ കണ്ണൂർ സര്‍വകലാശാലയ്‌ക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍വകലാശാലയ്‌ക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സർവകലാശാല സിൻഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ടവിരുദ്ധമെന്ന് ഗവര്‍ണര്‍. സിൻഡിക്കേറ്റ് നടപടി സർവകലാശാല നിയമനത്തിന് എതിരെന്ന് സത്യവാങ്മൂലം. സർവകലാശാല നടപടികൾ ചോദ്യം ചെയ്‌ത സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിലാണ് സത്യവാങ്മൂലം.

അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള അധികാരം ചാൻസിലര്‍ക്ക് തന്നെയാണെന്നാണ്, ഇതിനിടെ സര്‍വകലാശാല പ്രശ്നത്തില്‍ ഇട‍ഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്.

വിസി നിയമനത്തിന് പിന്നാലെയാണ് ബോര്‍ഡ് സ്റ്റഡീസിലെ നിയമനവും ചര്‍ച്ചയാകുന്നത്. അതേസമയം വിസി നിയമനത്തിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് വിഷയത്തിലും ഉറച്ച് നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സർക്കാരിന്‍റെ ഭാഗത്ത് നടക്കുന്നുണ്ട്. ഗവര്‍ണ്ണര്‍ ഇന്ന് രാത്രിയോടെ ബെംഗളൂരുവിലേക്ക് പോകും. അതിന് മുൻപ് പ്രശ്നപരിഹാരത്തിനാണ് ശ്രമം. പക്ഷേ ഗവര്‍ണര്‍ എത്രത്തോളം വഴങ്ങുമെന്നതാണ് പ്രധാനം. വിസി നിയമനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലവും ഗവര്‍ണര്‍ വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ നല്‍കാൻ സാധ്യതയുണ്ട്.