കേരളസർക്കാർ പ്രതിദിനം ഭാഗ്യക്കുറിക്ക് സമാന്തരമായി ലോട്ടറി, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അടക്കം അറസ്റ്റിൽ

പനമരം: കേരളസർക്കാർ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി ഒറ്റയക്കനമ്പർ ലോട്ടറി നടത്തിയതിന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ പനമരം സ്വദേശികളായ രണ്ടുപേർ പിടിയിൽ.
കരിമംകുന്ന് ബ്രാഞ്ച് സെക്രട്ടറി കൈതക്കൽ തെക്കത്ത് വീട്ടിൽ ഉക്കാസ്(41), കരിമ്പുമ്മൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഓടമ്പത്ത് വീട്ടിൽ വിനിൽ(40) എന്നിവരാണ് പിടിയിലായത്.

പ്രതികൾക്കെതിരെ ഇവരുടെപേരിൽ ലോട്ടറി ആക്ട് പ്രകാരം കേസ് രജിസ്റ്റർചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും. ഉക്കാസിൽനിന്ന്‌ 300 രൂപയും തെളിവുകളടങ്ങിയ മൊബൈൽ ഫോണും വിനിലിൽനിന്ന്‌ 16,200 രൂപയും തെളിവുകളടങ്ങിയ മൊബൈൽഫോണും പോലീസ് പിടിച്ചെടുത്തു.

പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. സിജിത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എ.എസ്.ഐ. വി.ടി സുലോചന, എസ്.സി.പി.ഒ.മാരായ അജേഷ്, ജോൺസൺ, സി.പി.ഒ. വിനായകൻ എന്നിവർ പനമരത്ത് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.