ശബരിമല തീർഥാടനം അനുവദിക്കണം, 10 വയസുകാരിയുടെ ഹർജി തള്ളി ഹൈക്കോടതി

ശബരിമല തീർഥാടനത്തിനായി അനുമതി നൽകണമെന്ന 10 വയസുകാരിയുടെ ഹർജി ഹൈക്കോടതി തള്ളി. വിഷയം സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കർണാടകയിൽ നിന്നുള്ള 10 വയസുകാരിയാണ് ഹർജി നൽകിയത്.

പിതാവ് മുഖേനയാണ് കുട്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തനിക്ക് 10 വയസ് മാത്രമാണ് പ്രായമെന്നും ഇതുവരെ ആർത്തവം ആയിട്ടില്ലെന്നും അതിനാൽ മണ്ഡല, മകരവിളക്ക് സീസണിൽ ശബരിമല തീർഥാടനം നടത്താൻ അനുവദിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.

തീർഥാടനം അനുവദിക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യങ്ങൾ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് തള്ളുകയായിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട ഹർജി സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും അതിൽ കൃത്യമായ തീർപ്പ് കൽപ്പിക്കാത്ത സാഹചര്യത്തിൽ ഹർജിയിൽ ഇടപെടുന്നത് ഹൈക്കോടതി ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പെൺകുട്ടിക്ക് ഇപ്പോൾ പത്ത് വയസിൽ കൂടുതലുണ്ട് എന്ന കാര്യവും കോടതി നിരീക്ഷിച്ചു.

മുമ്പ് മകരവിളക്ക് തീർഥാടനത്തിന് എത്താനിരുന്നതാണെന്നും എന്നാൽ കോവിഡ് വ്യാപനവും പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങളും മൂലം അതിന് സാധിച്ചില്ലെന്നും അതിനാൽ തനിക്ക് ദർശനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.