അനാഥമായത് രണ്ടു പിഞ്ചു കുഞ്ഞുങ്ങളുള്ള കുടുംബമാണ്, പൊലീസ് ഈ കേസ് മുക്കരുത്, പ്രതിഷേധം ശക്തമാകുന്നു

സിറാജ് പത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ പോലീസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നത് കാര്യങ്ങള്‍ മൂടിവെക്കാനും വളച്ചൊടിക്കാനും ആണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി കുറിപ്പില്‍ വ്യക്തമാക്കി. പോലീസ് അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല.

കാരണം അപകടത്തിലേക്ക് നയിച്ച കാര്യങ്ങള്‍ യാദൃച്ഛികമല്ല. വലിയ ധാര്‍മികതയും ഉത്തരവാദിത്വവും മാതൃകാ പ്രവര്‍ത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസിക്കുന്നു. ഒരു പാവം മനുഷ്യന്‍ ഒറ്റനിമിഷത്തില്‍ ഇല്ലാതായിപ്പോയ കാര്യമാണ്. എന്താണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്.

സമീപ സിസിടിവി ഉള്‍പ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം. പോലീസിന്റെ നിലപാടുകള്‍ സംശയാസ്പദമാണ്. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നല്‍കാന്‍ നടപടി ഉണ്ടാവണം. എല്ലാത്തിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പോലീസ് ഈ കേസ് മുക്കരുത്.

യഥാര്‍ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍ ഞങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ചാണ് കെ മുഹമ്മദ് ബഷീര്‍ മരണപ്പെട്ടത്. അമിത വേഗതയിലായിരുന്ന വാഹനം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ…

ഒരു പാവം മനുഷ്യന്‍ ഒറ്റനിമിഷത്തില്‍ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങള്‍ യാദൃച്ഛികമല്ല. വലിയ ധാര്‍മികതയും ഉത്തരവാദിത്വവും മാതൃകാ പ്രവര്‍ത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നു.
എന്താണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സി.സി. ടി.വി. ഉള്‍പ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം.
പൊലീസ് ഇപ്പോള്‍ കാര്യങ്ങള്‍ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുത്. സത്യസന്ധമായി കാര്യങ്ങള്‍ പോകണം. ശ്രീരാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തുവോ എന്ന കാര്യത്തില്‍ പോലും അധികൃതര്‍ ഉറപ്പു പറയുന്നില്ല ഇപ്പോള്‍. പൊലീസിന്റെ നിലപാടുകള്‍ സംശയാസ്പദമാണ്.

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നല്‍കാന്‍ നടപടി ഉണ്ടാവണം.

എല്ലാറ്റിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുത്. യഥാര്‍ഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്ന് മാധ്യമ സമൂഹം ഒന്നടങ്കം അങ്ങയോട്. ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരും.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍
സംസ്ഥാന സമിതി