സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ കൂടുതൽ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . കനത്ത മഴയിൽ ആലപ്പുഴ, പള്ളിപ്പാട് ഉണ്ടായ മടവീഴ്ചയിൽ ലക്ഷങ്ങളുടെ കൃഷി നശിച്ചു.

കേരളത്തെ വിടാതെ കനത്ത മഴ. മധ്യ തെക്കൻ കേരളത്തിൽ ഉച്ചയോടെ മഴ തുടങ്ങി. തിരുവനന്തപുരത്ത് മലയോര മേഖലയിലും നഗരപ്രദേശത്തും മഴ ലഭിച്ചു. കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ ശക്തമായ വരവിലും ആലപ്പുഴ പള്ളിപ്പാട് പഞ്ചായത്തിലെ പള്ളിക്കൽ മുല്ലേമൂല പടശേഖരത്ത് മടവീണു. 110 ഏക്കർ വിസ്തൃതി ഉള്ള പാടശേഖരത്തിലാണ് ഇന്ന് പുലർച്ചെ മടവീഴ്ച ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.

അടുത്ത മണിക്കൂറുകളിൽ എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.