സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഇന്ന് വിരമിക്കും

തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സര്‍വീസില്‍ നിന്ന് ഇന്ന് വിരമിക്കും. പോലീസ് മേധാവിക്ക് കേരളാ പോലീസ് ഇന്ന് പേരൂർക്കട എസ്എപി ക്യാമ്പിൽ ഔദ്യോഗിക യാത്രയയപ്പ് നൽകും. കേരളത്തിലെ പോലീസ് മേധാവിയാകുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യയാളാണ് അനിൽകാന്ത്.

1988 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ കേരളാ കേഡറില്‍ പ്രവേശിച്ചതോടെയാണ് അനിൽകാന്തിന്റെ ഒദ്യോഗിക ജീവിതം ആരംഭിച്ചത്. എ.എസ്.പി ആയി വയനാട്ടിൽ സര്‍വ്വീസ് ആരംഭിച്ചു. പിന്നീട് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍. മടങ്ങിയെത്തിയശേഷം പോലീസ് ട്രെയിനിംഗ് കോളേജില്‍ പ്രിന്‍സിപ്പലായി.

തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും ജോലി ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി. സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണറായും അവസരം. പിന്നീട് എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്‌ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64-മത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.