ട്രെയിനിലെ തീവയ്പ്, പ്രതിയുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ കേരള പോലീസ് കൊല്‍ക്കത്തയില്‍

കണ്ണൂര്‍. ട്രെയിന്‍ തീവയ്പ് കേസില്‍ പിടിയിലായ ബംഗാള്‍ സ്വദേശി പുഷന്‍ ജിത് സിദ്ഗറിന്റെ പശ്ചാത്തലം വ്യക്തമായി മനസ്സിലാക്കാന്‍ പോലീസ് സംഘം കൊല്‍ക്കത്തിയില്‍ പരിശോധനയ്ക്കായി എത്തി. കണ്ണൂര്‍ സിറ്റി പോലീസ് സിഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്‍ക്കത്തയില്‍ പരിശോധന നടത്തുക. കേസില്‍ പോലീസ് പിടിയിലായ പുഷന്‍ജിത്തിന്റെ മൊഴിയിലെ കാര്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ് സംഘത്തിന്റെ ലക്ഷ്യം.

അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്തുവാന്‍ സാധിക്കില്ലെന്നും ആര്‍പിഎഫ് ഡിഐജി സന്തോഷ് എന്‍ ചന്ദ്രന്‍ പ്രതികരിച്ചു. അതേസമയം കോച്ചില്‍ നിന്നും ലഭിച്ച 10 വിരലടയാളങ്ങളില്‍ നാല് എണ്ണം പ്രതിയുമായി സാമ്യമുണ്ട്. ജനറല്‍ കോച്ചില്‍ നിന്നും ലഭിച്ച കുപ്പിയില്‍ അടക്കം പുഷന്‍ജിത്തിന്റെ വിരലടയാളം പോലീസിന് ലഭിച്ചു.

പ്രതി മാസങ്ങളായി കണ്ണൂരില്‍ താമസിക്കുന്ന ഭിക്ഷാടകനാണെന്നാണ് പോലീസിനോട് പറഞ്ഞത്. അതേസമയം ഫെബ്രുവരി 13ന് ട്രെയിന് തീയിട്ട സ്ഥലത്തിന് സമീപത്ത് മൂന്ന് സ്ഥലത്തായി തീയിട്ടതും പുഷന്‍ജിത്താണെന്നാണ് പോലീസിന്റെ നിഗമനം. പ്രതിയുടെ കാര്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് കൊല്‍ക്കത്തയില്‍ എത്തിയെങ്കിലും പേരും മറ്റ് വിവരങ്ങളും പ്രതി ഇടയ്ക്ക് മാറ്റി പറയുന്നത്. അറസ്റ്റ് വൈകാന്‍ കാരണമാകുന്നുണ്ട്. എങ്ങനെയാണ് തീയിട്ടതെന്നോ ഇതിന്റെ ലക്ഷ്യത്തെക്കുറിച്ചോ കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല.