കെവാദിയ ;മോദിയുടെ സ്വന്തം ഏകതാ നഗരം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയത്‌നം കൊണ്ട് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ ഒരു ചെറിയ ഗ്രാമമുണ്ട് ഗുജറാത്തിൽ. ഉറങ്ങിക്കിടന്നിരുന്ന കേവാദിയ എന്ന ഗ്രാമം വെറും അഞ്ച് വർഷം കൊണ്ടാണ് ഏകതാ നഗറയി മാറിയത്. ഒരു കാലത്ത് തരിശായി കിടന്നിരുന്ന ഇവിടേക്ക് ഇപ്പോൾ വർഷം തോറും എത്തുന്നത് ലക്ഷക്കണക്കിന് സന്ദർശകരാണ്. ഒരു കാലത്ത് ആരും തിരിഞ്ഞു നോക്കാതിരുന്ന ഗ്രാമത്തിന്റെ മുഖവും രൂപവുമെല്ലാം മാറിയിരിക്കുകയാണ്. ഇപ്പോൾ നിരവധി തൊഴിലവസരങ്ങളും വലിയ കെട്ടിടങ്ങളുമെല്ലാമുള്ള ഒരു നഗരമായി മാറിയിരിക്കുന്നു. ഇതിന്റെയെല്ലാം ഒരു കാരണമുണ്ട്, അതാണ് ‘സ്റ്റാച്യൂ ഓഫ് യൂണിറ്റി’ എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമ.

നർമദയിൽ ഡാം നിർമിക്കുന്നതിനെതിരെ നടന്ന പ്രക്ഷോപങ്ങളുടെ കേന്ദ്രമായിരുന്നു ഒരു കാലത്ത് കേവാദിയ. എന്നാൽ, ഈ പ്രതിഷേധങ്ങളെയെല്ലാം നിശബ്ദമാക്കിക്കൊണ്ട് ഗ്രാമത്തിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ വന്നു. അതിവേഗം വികസിപ്പിച്ചെടുത്ത റെയിൽ വേ സ്‌റ്റേഷൻ, രാജ്യാന്തര നിലവാരമുള്ള ഭക്ഷണശാലകൾ, ആഡംബരം ഹോട്ടലുകൾ, നർമദയുടെ തീരത്തെ ടെന്റ് സിറ്റി, എന്നീ സ്വപ്‌ന പദ്ധതികൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഈ ഗ്രാമത്തിൽ സാധ്യമായത്. കെവാദിയ എന്ന അന്നത്തെ ചെറു ഗ്രാമം ഇന്ന് ഉറങ്ങാത്ത നഗരമാണ്.

കേവലമൊരു പ്രതിമയായിരുന്നില്ല ഗുജറാത്ത് സർക്കാരിന്റെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെയും ലക്ഷ്യം. പട്ടേൽ പ്രതിമയുടെ ചുറ്റും കേവാദിയ ടൂറിസം സർക്ക്യൂട്ട് എന്ന പേരിൽ വമ്പൻ പദ്ധതികളാണ് വിഭാവനം ചെയ്തത്. വാലി ഓഫ് ഫ്ലവേഴ്സ്, ബട്ടർഫ്‌ലൈ കള്ളിച്ചെടി ഔഷധ സസ്യ ഉദ്യാനങ്ങൾ, ടെന്റ് സിറ്റി, റിവർ റാഫ്റ്റിംഗ്, ജംഗിൾ സഫാരി, ഏകതാ നഴ്‌സറി, ഗ്ലോ ഗാർഡൻ, ബോട്ടിങ് തുടങ്ങിയവ ഉൾപ്പെടുന്നതാണ് കെവാദിയ ടൂറിസം സർക്ക്യൂട്ട്. ഇതിന് പിന്നാലെ വർഷാവർഷം പുതിയ പുതിയ പദ്ധതികൾ സർക്കാർ കൊണ്ടുവന്നു.

വർഷങ്ങൾക്ക് മുൻപ് ഒരു ഹോട്ടൽ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ രാജ്യാന്തര നിലവാരത്തിലുള്ള ഹോട്ടലുകളാണ് ഇവിടെയുള്ളത്. ഗുജറാത്തിലെ വലിയ സമ്മേളനങ്ങൾ എല്ലാം ഇപ്പോൾ ഏകത നഗറിലാണ് നടക്കുന്നത്. ശുചീകരണ തൊഴിലാളികൾ, റെയിൽ വേ ജീവനക്കാർ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജീവനക്കാർ തുടങ്ങി നിരവധി പേര്‍ക്ക് ഏകതാ നഗർ സാക്ഷാത്കരിച്ചതോടെ ഉപജീവന മാര്‍ഗം ലഭിച്ചു.ഒരു കാലത്ത് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പട്ടേൽ പ്രതിമയുടെ ഓരോ ഘട്ടവും ശരവേഗത്തിൽ മുന്നോട്ടു പോകുകയായിരുന്നു. ഭാവിയെ വാര്‍ത്തെടുക്കാനുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൻെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്ന് ഏകതാ നഗരം.

ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ പ്രഥമ റെയിൽവേ സ്റ്റേഷനാണ് കെവാദിയയിലേത്. ഈ പദ്ധതികൾ തൊട്ടടുത്ത ഗോത്രവർഗ മേഖലയുടെ വികസനം വേഗത്തിലാക്കാനും നർമദ നദീതീരത്തുള്ള പ്രധാന മതപരവും പുരാതനവുമായ തീർത്ഥാടന കേന്ദ്രങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും സഹായകമാകുമെന്നാണ് വിലയിരുത്തൽ. പുതിയ തൊഴിലവസരങ്ങളും കച്ചവട സാധ്യതകളും സൃഷ്ടിക്കാനും പദ്ധതി സഹായിക്കും. ഒരു നാടിന്‍റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് ആ നാടിന്‍റെ ഗതാഗതസംവിധാനങ്ങള്‍. എന്നാല്‍ ആ അടിസ്ഥാന സൗകര്യവികസനങ്ങൾക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ കൂടുതല്‍ പ്രധാന്യം നല്‍കാറുണ്ട്.

ഗുജറാത്തിലെ നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തിൽ 2989 കോടി രൂപ മുതല്‍മുടക്കില്‍ ഉയർന്ന ‘ഏകതാ പ്രതിമ’ രാജ്യത്തെ മാതൃക വിനോദ സഞ്ചാര കേന്ദ്രമായി വളരണമെന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹവും ദീർഘ വീക്ഷണവുമായിരുന്നു.

ഗുജറാത്തിലെ നർമദാ ജില്ലയിലെ കേവാദിയിലാണ് 182 ഉയരമുള്ള പ്രതിമ നിർമിച്ചിരിക്കുന്നത്. 2018ൽ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. പ്രധാനമന്ത്രിയാണ് പ്രതിമ രാജ്യത്തിനായി സമർപ്പിച്ചത്. 597 അടി ഉയരത്തിലാണ് പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. 128 മീറ്ററാണ് 2008 ല്‍ പൂര്‍ത്തിയാക്കിയ സ്പ്രിംഗ് ടെംബിള്‍ ബുദ്ധയുടെ ഉയരം. ന്യൂയോര്‍ക്കിലെ ‘സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി’ യുടെ ഇരട്ടി ഉയരവും സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയുടെ സവിശേഷതയാണ്. 93 മീറ്ററാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഉയരം.ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ഓര്‍മ്മക്കായാണ് ഏകതാ പ്രതിമ സ്ഥാപിച്ചത്.