ജി20 ഉച്ചകോടി തടയണമെന്ന് ഖാലിസ്ഥാൻ തീവ്രവാദി, വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം ഡൽഹിയിലേക്ക് പ്രകടനം നടത്തണമെന്ന് ആഹ്വാനം

ഡൽഹി: സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടി തടയണമെന്ന് ഖാലിസ്ഥാനി നേതാവും സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സ്ഥാപകനുമായ ഗുർപത്വന്ത് സിംഗ് പന്നൂൻ. കശ്മീർ താഴ്വരയിലെ മുസ്ലീങ്ങൾ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്തേക്ക് മാർച്ച് നടത്തണമെന്നാണ് ഗുർപത്വന്ത് സിംഗ് ഓഡിയോ സന്ദേശത്തിലുണ്ട്.

ഡൽഹിയിലുടനീളമുള്ള മെട്രോ സ്റ്റേഷനുകൾ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ വെല്ലുവിളി. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് എസ്എഫ്ജെയുമായി ബന്ധമുള്ള രണ്ട് പേരെ പോലീസ് അറസ്റ്റും ചെയ്തിരുന്നു. ഗുരുപത്വന്ത് സിംഗ് പന്നുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇതും.

ഡൽഹി ഐജിഐ വിമാനത്താവളത്തിൽ ഖാലിസ്ഥാനി പതാക ഉയർത്തുമെന്നും ഗുർപത്വന്ത് സിംഗ് പന്നൂൻ വെല്ലുവിളിക്കുന്നു. പഞ്ചാബി ബാഗ്, ശിവാജി പാർക്ക്, മാഡിപൂർ, പശ്ചിമ വിഹാർ, ഉദ്യോഗ് നഗർ, മഹാരാജ സൂരജ്മൽ സ്റ്റേഡിയം, നംഗ്ലോയ് എന്നിങ്ങനെയുള്ള മെട്രോ സ്റ്റേഷനുകളുടെ ചുമരുകളിലാണ് ‘ഡൽഹി ബനേഗാ ഖലിസ്ഥാൻ’, ‘ഖാലിസ്ഥാൻ റെഫറണ്ടം സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നത്.