മുഖംമൂടിയിട്ടയാൾ ബലമായി പിടിച്ചുകൊണ്ടു പോയെന്ന് വിദ്യാർത്ഥി, സിനിമ കണ്ടതിന്റെ വിഭ്രമമെന്ന് പോലീസ്

തൊടുപുഴ : ആറാംക്ലാസ് വിദ്യാർഥിനിയെ മുഖംമൂടിയിട്ടയാൾ ബലമായി സ്കൂളിൽനിന്ന് കുട്ടിയുടെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയെന്ന പരാതി ഉയർന്ന സംഭവത്തിൽ വ്യക്തത പോരെന്ന് പോലീസിന്റെ വിശദീകരണം. കുട്ടി തലേദിവസം ഭീകരരംഗങ്ങളുള്ള ഇംഗ്ലീഷ് സിനിമ കണ്ടിരുന്നു. ഇതുകണ്ടതിലുള്ള വിഭ്രമം ആണ് കുട്ടിയെക്കൊണ്ട് ഇങ്ങനെ പറയിച്ചതെന്നാണ് പോലീസ് പറയുന്നത്.

തൊടുപുഴ നഗരസഭയുടെ സമീപത്തുള്ള പഞ്ചായത്തിൽ, ആറാംക്ലാസ് വിദ്യാർഥിനിയെ മുഖംമൂടിയിട്ടയാൾ ബലമായി സ്കൂളിൽനിന്ന് കുട്ടിയുടെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയെന്ന് പരാതി ഉയർന്നത്. സ്കൂളിന്‍റെ 20 മീറ്റർ മാറിയാണ് പെൺകുട്ടിയുടെ വീട്. ബുധനാഴ്ച 11-ന് ഇടവേളസമയത്ത് കറുത്തവസ്ത്രവും മുഖംമൂടിയും വെള്ളഷൂസും ധരിച്ചയാൾ, തന്നെ സ്കൂൾമുറ്റത്തുനിന്ന് ബലമായി വീടിന്റെ പിന്നിലേക്ക് കൊണ്ടുപോയി.

ഇയാൾ തന്റെ മുഖവും കറുത്ത തുണികൊണ്ട് മറച്ചിരുന്നതായി കുട്ടി പറഞ്ഞു. സ്‌കൂളിൽ കുട്ടിയെ കാണാതായതോടെ അധ്യാപകർ വീട്ടിൽ തിരക്കിയെത്തി ഇതോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കണ്ടെത്തിയത്. പിന്നാലെ പോലീസിനെയും വിവരം അറിയിച്ചു. എന്നാൽ കുട്ടി പറയുന്ന കാര്യങ്ങളിൽ വ്യക്തത പോരെന്നാണ് പോലീസ് പറയുന്നത്.