കിളികൊല്ലൂ‍‍ർ സംഭവം, സസ്പെൻഷൻ മാത്രം പോരാ, ആക്രമിച്ച പോലിസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കണം- പരാതിക്കാർ

കൊല്ലം കിളികൊല്ലൂരിൽ സൊനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പരാതിക്കാർ. സസ്പെൻഷൻ കൊണ്ട് മാത്രം കാര്യമില്ല, അക്രമിച്ച പൊലീസുകാർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും പരാതിക്കാരനായ വിഘ്നേഷ്. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കുമെന്നും സൈനികൻ വിഘ്നേഷ് പറയുന്നു.

9 പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് തല്ലിച്ചതച്ചത്. എന്നാൽ ജില്ലാ പൊലീസ് മേധാവി ഡിഐജി ആർ നിശാന്തിനിക്ക് നൽകിയ റിപ്പോർട്ടിൽ എസ്.എച്ച്.ഒ വിനോദും എസ്.ഐ അനീഷും യുവാക്കളെ മർദ്ദിച്ചതായി പറയുന്നില്ല. മാത്രമല്ല നടപടി നാല് പേരിലേക്ക് ഒതുങ്ങി.

മറ്റുള്ള പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ക്രൂരമായി മർദ്ദിച്ചതിന് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണം. ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത നടപടി കൊണ്ട് മാത്രം താൻ തൃപ്തയല്ലെന്ന് മർദ്ദനമേറ്റ വിഘ്നേഷിന്റെ അമ്മ പറഞ്ഞു.

സസ്പെൻഷനിലായ നാല് പൊലീസുകാർക്ക് പുറമെ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോപണ വിധേയരായ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. സഹോദരങ്ങളെ മർദിച്ചതിൽ കൂടുതൽ പൊലീസുകാർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ വകുപ്പ് തല റിപ്പോർട്ട് ഉടൻ സമർപ്പിക്കും.

സസ്പെൻഷനിൽ മാത്രം നടപടി ഒതുക്കരുതെന്ന ആവശ്യവും ശക്തമാണ്. ഡിജിപിയായിരുന്ന ലോക് നാഥ് ബെഹ്റയുടെ കാലത്ത് ക്രിമിനൽ പശ്ചാത്തലമുള്ള 70 പൊലീസുകാരെ സർവ്വീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. എംഡിഎംഎ കേസിൽ പിടിയിലായ പ്രതികളുടെ ജാമ്യത്തിനായി പൊലീസ് തന്നെ ജാമ്യത്തിന് ആളെ വിളിച്ച് വരുത്തിയ സാഹചര്യവും സംശയ നിഴലിലാണ്. സൈനികന് മർദനമേറ്റ സംഭവം മിലിറ്ററി ഇൻ്റലിജൻസും പരിശോധിക്കും.

ദക്ഷിണ മേഖലാ ഐജി പി പ്രകാശിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ആസ്ഥാനത്ത് നിന്നും സസ്പെപെൻഷൻ നടപടി സ്വീകരിച്ചത്. എസ്എച്ച്ഒ വിനോദ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ്, സിവിൽ പൊലീസ് ഓഫീസർ മണികണ്ഠൻപിള്ള എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. വിനോദ് ഒഴികെയുള്ളവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി വിനോദിനോട് സ്റ്റേഷൻ ചുമതലകളിൽ നിന്നും വിട്ടുനിൽക്കാൻ തിരുവനന്തപുരം റേഞ്ച് ഐജി നിർദേശശിക്കുകയായിരുന്നു. പിന്നാലെയാണ് സസ്‌പെൻഷൻ നടപടി.

പൊലീസ് സ്റ്റേഷനിൽ വെച്ച് സൈനികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ചെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എംഡിഎംഎ കേസ് പ്രതികളെ കാണാൻ വന്ന സൈനികനും സഹോദരനുമാണ് മർദ്ദനമേൽക്കേണ്ടി വന്നത്. ഇവർ പൊലീസിനെ ആക്രമിച്ചെന്ന പേരിൽ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കേസ് വ്യാജമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്പെഷ്യൽ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്.

സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂർ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേർ പിടിയിലായ സംഭവത്തിൽ ഒരാൾക്ക് ജാമ്യം എടുക്കാനായാണ് സൈനികന്റെ സഹോദരൻ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നിൽക്കാൻ തയ്യാറായില്ല. തുടർന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്നേഷും ഒരു പൊലീസുകാരനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടർന്നാണ് രണ്ടുപേരെയും പൊലീസുകാർ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.