കിരൺ കുമാർ ഇനി ഒറ്റയ്ക്ക് എട്ടാം ബ്ലോക്കിലെ അഞ്ചാം സെല്ലിൽ, അന്തിയുറങ്ങുക സിമന്റ് തറയിൽ

സ്വത്തിനോടും പണത്തോടും അതിയായ ആർത്തിയുണ്ടായിരുന്ന കിരൺ കുമാർ ഇനി പത്തു വർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിൽ. ലക്ഷങ്ങൾ വിലവരുന്ന പട്ടുമെത്തയിൽ കിടന്നുറങ്ങിയ കിരൺകുമാർ ഇനി അന്തിയുറങ്ങുക പായിൽ സിമന്റ് തറയിൽ. കിരൺ കുമാറിന് അധികൃതർ നൽകിയത് എട്ടാം നമ്പർ ബ്ലോക്കിലെ അഞ്ചാം നമ്പർ സെല്ലാണ്. ജയിലിലെ നമ്പർ 5018 ആണ്. സെല്ലിൽ കിരൺ കുമാർ മാത്രമാണുള്ളത്.

കിരൺ കുമാറിന്റെ മാനസിക, ശാരീരിക അവസ്ഥകൾ വിലയിരുത്തിയശേഷം മറ്റു തടവുകാർക്കൊപ്പം വേറെ സെല്ലിലേക്കു മാറ്റും. ശിക്ഷിക്കപ്പെട്ടതിനാൽ ജയിലിൽ ജോലി ചെയ്യേണ്ടിവരും. ജയിൽ വസ്ത്രം ധരിക്കണം. ജോലി ചെയ്യാൻ കഴിയുമെന്ന് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജയിലിനുള്ളിലെ ജോലികളിൽ ഏർപ്പെട്ടു തുടങ്ങണം. എന്തു തരം ജോലി ചെയ്യണമെന്നു ജയിൽ അധികാരികളാണ് തീരുമാനിക്കുന്നത്.

വിസ്മയ സ്ത്രീധനപീഡന കേസിലെ പ്രതി കിരൺ കുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കൊല്ലത്ത് നിന്നും രാവിലെയാണ് കിരൺ കുമാറിനെ പൂജപ്പുരയിലെത്തിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു കിരൺ കുമാറിന്റെ മറുപടി. കിരണിനൊപ്പം പൊലീസിന്റെ വലിയ സന്നാഹമാണ് ഉണ്ടായിരുന്നത്.

വിധിക്കെതിരെ അപ്പീല് പോകുമെന്ന് പ്രതിഭാഗം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കിരൺ കുമാറിന് പത്ത് വർഷത്തെ കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ഇന്നലെയാണ് കോടതി ശിക്ഷയായി വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി.

വീട്ടിൽ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കിരൺ കുമാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അച്ഛന് ഓർമ്മക്കുറവും അമ്മയ്ക്ക് പ്രമേഹവുമുണ്ട്. അവരെ സംരക്ഷിക്കാൻ താനേയുള്ളൂ. തെറ്റ് ചെയ്തിട്ടില്ലെന്നും പ്രായമായ പിതാവിന് അപകടം പറ്റാൻ സാധ്യതയുണ്ടെന്നുമാണ് കിരൺകുമാർ പറഞ്ഞത്.