വിസ്മയ കേസ് : പ്രതി കിരണ്‍കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊല്ലം : ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. സ്ത്രീധനത്തെ ചൊല്ലിയുള്ള ഭര്‍ത്താവ് കിരണ്‍കുമാറിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് വിസ്മയ മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കേസില്‍ കിരണിന് വേണ്ടി ജാമ്യാപേക്ഷയുമായി ബി.എ. ആളൂര്‍ കോടതിയിലെത്തിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

അതേസമയം വിസ്മയ കേസിലെ എഫ്.ഐ.ആര്‍. റദ്ധാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയില്‍ കിരണിന്റെ വാദം. മുന്‍കാലങ്ങളിലെ പ്രശ്നങ്ങളുടെ പേരിലാണ് തനിക്കുമേല്‍ കുറ്റം ചുമത്തിയതെന്നാണ് കിരണ്‍കുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. തെളിവെടുപ്പ് നടക്കുന്നതിനിടയില്‍ കിരണിന് കോവിഡ് പോസിറ്റീവായതോടെ തെളിവെടുപ്പ് നിലച്ചിരുന്നു.

2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം. 100 പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 20 സെന്‍റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നല്‍കിയത്.