കിറ്റെക്‌സിനെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നു; ആരോപണവുമായി എംഡി സാബു എം ജേക്കബ്

കിറ്റെക്‌സിനെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് എംഡി സാബു എം ജേക്കബ്. വ്യവസായ വകുപ്പില്‍ നിന്ന് നിയമപരിരക്ഷ ലഭിക്കുന്നില്ലെന്നും 3500 കോടി രൂപയുടെ പദ്ധതിയുമായി ഇനി മുന്നോട്ടില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി. കിറ്റെക്‌സില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 11 തവണ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പരിശോധന നടത്തിയതില്‍ പ്രതിഷേധിച്ചാണ് എംഡി സാബു ജേക്കബ് ചൊവ്വാഴ്ച വാര്‍ത്താക്കുറിപ്പിലൂടെ സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട 3500 കോടിയുടെ കരാറില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.

കിറ്റെക്‌സിനെ തകര്‍ക്കാന്‍ പി ടി തോമസും പി വി ശ്രീനിജനും ഒന്നിച്ച് ആസൂത്രണം നടത്തുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു. സംഘടിത ആക്രമണത്തിലൂടെ കിറ്റെക്‌സിനെ നാടുകടത്തുകയാണ് ലക്ഷ്യം. മന്ത്രി പി രാജീവിന്റെ വാദങ്ങളെ തള്ളിയ സാബു ജേക്കബ് അസെന്റില്‍ ധാരണാപത്രമാണ് ഒപ്പിട്ടതെന്നും വ്യക്തമാക്കി.

വിഷയത്തില്‍ രാഷ്ട്രീയമായ വേട്ടയാടല്‍ നടന്നിട്ടില്ലെന്നായിരുന്നു കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പ്രതികരണം. കിറ്റെക്‌സില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു എന്ന അറിയിപ്പിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും പരിശോധന നടത്തിയതെന്ന എംഎല്‍എയുടെ വാദവും എംഡി സാബു ജേക്കബ് തള്ളി.