ടി.പിയുടെ ചിത്രം ധരിച്ച്‌ സത്യവാചകം ചൊല്ലി കെ.കെ. രമ

തിരുവനന്തപുരം: വടകരയില്‍ നിന്നും നിയമസഭയിലെത്തിയ ആര്‍.എം.പി അംഗം കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്തത‍് പാര്‍ട്ടി സ്ഥാപകനും ഭര്‍ത്താവുമായ ടി.പി. ചന്ദ്രശേഖരന്‍റെ ചിത്രം പതിച്ച ബാഡ്ജുമായി. സാരിയില്‍ ടി.പിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചാണ് രമ സഭയിലെത്തിയത്. പ്രോ​​ ​ടെം സ്​​പീ​ക്ക​ര്‍ അ​ഡ്വ. പി.​ടി.​എ. റ​ഹീം മു​മ്ബാകെ സഗൗരവ പ്രതിജ്ഞയാണ് കെ.കെ. രമ എടുത്തത്.

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആര്‍.എം.പിയുടെ തീരുമാനം. ജനങ്ങളുടെ ശബ്ദമായി നിയമസഭയില്‍ പ്രവര്‍ത്തിക്കുമെന്ന് കെ.കെ. രമ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂര്‍വം നിര്‍വഹിക്കും. അംഗസംഖ്യയിലല്ല നിലപാടിലാണ് കാര്യമെന്നും രമ വ്യക്തമാക്കി.

നിയമസഭാ സാമാജികത്വം അഭിമാന മുഹൂര്‍ത്തമാണ്. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ്. തെരുവില്‍ വീണ ചോരയുടെ ശബ്ദം നിയമസഭയില്‍ ഉയരും. ടി.പിയുടെ മരണശേഷം പിണറായി വിജയനെ നേരില്‍ കണ്ടിട്ടില്ല. മുഖ്യമന്ത്രിസ്ഥാനത്തെ ബഹുമാനിക്കുന്നുവെന്നും കെ.കെ. രമ പറഞ്ഞു.

ആര്‍.എം.പി കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ. രമ, കന്നി വിജയം നേടിയാണ് 15ാം കേ​ര​ള നി​യ​മ​സ​ഭ​യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ജനതാദളിലെ മനയത്ത് ചന്ദ്രനെ 7491 വോട്ടിനാണ് രമ പരാജയപ്പെടുത്തിയത്. കെ.കെ. രമക്ക് 65,093 വോട്ടും മനയത്ത് ചന്ദ്രന് 57,602 വോട്ടും ലഭിച്ചു.

ആര്‍.എം.പി രൂപീകരിച്ച ടി.പി. ചന്ദ്രശേഖരനെ 2012 മേയ് നാലിന് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം നേതാക്കളടക്കം പ്രതികളാണ്.