കെ.എം ഷാജിയെ കാസര്‍കോട് മത്സരിപ്പിക്കാന്‍ നീക്കം; എതിര്‍പ്പുമായി ജില്ലാ നേതൃത്വം

കെ.എം ഷാജിയെ കാസര്‍കോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കാസര്‍കോട് ജില്ലാ ലീഗ് നേതൃത്വം. ജില്ലക്ക് പുറത്ത് നിന്നുള്ളവരെ മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്നാണ് നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ എതിര്‍പ്പ് അറിയിച്ചു. കോഴ വിവാദങ്ങളുടെ പശ്ചാതലത്തില്‍ ഷാജിക്ക് സുരക്ഷിതമായൊരു മണ്ഡലമാണ് സംസ്ഥാന നേതൃത്വം കണക്ക്‌കൂട്ടുന്നത്.

അത്തരത്തിലൊരു മണ്ഡലമായി ആദ്യം വിലയിരുത്തിയത് കണ്ണൂരാണ്. എന്നാല്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണ് കണ്ണൂരിലേത്. സീറ്റു കൈമാറുന്ന കാര്യത്തില്‍ തീരുമാനമാവാത്തതിനാലാണ് കാസര്‍കോട്ടേക്ക് ഷാജിയെ പരിഗണിക്കുന്നത്. എന്നാല്‍ കാസര്‍കോട്ടേക്ക് വരുന്നത് ഷാജിക്ക് ഗുണമാവില്ലെന്നാണ് ചില ലീഗ് നേതാക്കള്‍ കണക്ക്കൂട്ടുന്നത്. ജില്ലക്ക് പുറത്തുള്ളവരെ മത്സരിപ്പിക്കേണ്ടെന്നാണ് ഇവര്‍ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പു വിജയം കേസുകള്‍ക്കും ആരോപണങ്ങള്‍ക്കുമെതിരായ മറുപടിയാകുമെന്നതിനാല്‍ ഷാജിയെ സുരക്ഷിത മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ലീഗിലുള്ളത്. ഷാജിയുടെ സ്ഥാനാര്‍ഥിത്വം എവിടെയെന്നതിനെ ആശ്രയിച്ചാകും കാസര്‍കോട്ട് ലീഗ് മത്സരിക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം. 2006ല്‍ 29,468 വോട്ടിനു സിപിഎം ജയിച്ച അഴീക്കോട്, 493 വോട്ടിനാണു 2011ല്‍ ഷാജിയിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. 2016 ല്‍ 2287 വോട്ടായി ഷാജി ഭൂരിപക്ഷമുയര്‍ത്തി. കടുത്ത പോരാട്ടത്തിലൂടെയാണു രണ്ട് തവണയും മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തത്.