കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ജനങ്ങളോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെഎന്‍ ബാലഗോപാല്‍

ന്യൂഡല്‍ഹി. സംസ്ഥാനത്തെ യുഡിഎഫ് എംപിമാര്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അതേസമയം സംസ്ഥാനത്തെ കടം എടുക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനം സാമ്പത്തിക ഉപരോധത്തിലേക്കാണ് പോകുന്നത്. കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതം കേന്ദ്രം കുറച്ചുവെന്നും ധനമന്ത്രി ആരോപിച്ചു.

കേരളത്തിലെ യുഡിഎഫ് എംപിമാര്‍ കേരളത്തിലെ ജനങ്ങളോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് യുഡിഎഫിന്റെ നയമാണോ എന്ന് നേതൃത്വം മറുപടി പറയണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗത്തില്‍ കേരളത്തിന് ലഭിക്കേണ്ട നികുതി വിഹിതം വാങ്ങാന്‍ കൂടെ നില്‍ക്കാമെന്ന് എംപിമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ എത്തി കേന്ദ്ര ധനമന്ത്രിയെ കാണാന്‍ തീരുമാനിച്ചെങ്കിലും മെമ്മൊറാണ്ടത്തില്‍ ഒപ്പിടാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല.

അതേസമയം കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ബിജെപിയുടെ താല്‍പര്യം സംരക്ഷിക്കുന്നവരാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇവര്‍ സംസ്ഥാനത്തിനെതിരെ പാര്‍ലമെന്റില്‍ സംസാരിക്കുന്നു. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും ഇക്കാര്യത്തില്‍ പിന്നിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.