കൊച്ചിയിലെ കത്തിക്കുത്ത്, ചോറ് അച്ചുവും ഫാജിസും അറസ്റ്റിൽ

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ ​ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു. ഏലൂർ കാഞ്ഞിരക്കുന്നത്ത് വീട്ടിൽ ലാൽജു (40) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി. ഫാജിസും ചോറ് അച്ചുവുമാണ് പിടിയിലായത്. മുൻ വൈരാ​ഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നിഗമനം.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ തുടങ്ങിയ വിവരങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് പള്ളുരുത്തി സ്വദേശിയായ ലാൽജു കുത്തേറ്റ് മരിച്ചത്. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ആക്രമണത്തിൽ മറ്റൊരു പള്ളുരുത്തി സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്.

ഇയാൾ ചികിത്സയിലാണ്. കുമ്പളങ്ങിയിൽ ലാസർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് കൊല്ലപ്പെട്ട ലാൽജു. 2021-ൽ കുമ്പളങ്ങിയിൽ ആന്റണി ലാസർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് മരിച്ച ലാൽജു. ബന്ധുവീട്ടിൽ നിന്നാണ് ഫാരിസിനെയും കൂട്ടാളിയേയും പൊലീസ് പിടികൂടിയത്. പൊലീസ് ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്.