കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയും; മന്ത്രിസഭയിലും അഴിച്ചുപണി

തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യം കാരണം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഓഴിഞ്ഞേക്കും. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേരുന്നുണ്ട്. യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കോടിയേരി ബാലകൃഷ്ണനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, എംഎ ബേബി എന്നിവര്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലെത്തി സന്ദര്‍ശിച്ചു. സിപിഎമ്മിന്റെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള പരിമിതികള്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

മുമ്പ് അദ്ദേഹം ചികിത്സ്യയ്ക്കായി അവധിയെടുത്തപ്പോള്‍ ചുമതല താല്‍ക്കാലികമായി എ വിജയരാഘവനു നല്‍കിയിരുന്നു. രണ്ടാഴ്ച മുമ്പ് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. അതേസമയം മന്ത്രി സഭയിലും അഴിച്ചുപണിക്ക് സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് മന്ത്രിമാര്‍ കുറച്ച് കൂടെ സജീവമാകണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു.