കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതില്‍ എതിര്‍പ്പ്; മാസ്‌ക് കത്തിച്ച് പ്രതിഷേധം

കൊറോണ വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് അമേരിക്കന്‍ ജനത. കോവിഡ് വ്യാപനം താരതമ്യേനെ കുറഞ്ഞുവരുന്ന സാഹചര്യത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധത്തിന്റെ ഭാഗമായി ആളുകള്‍ മാസ്‌കുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമേരിക്കയിലെ ഐഡഹോയിലാണ് സംഭവം.

ആളുകള്‍ കൂട്ടം ചേര്‍ന്ന് മാസ്‌കുകള്‍ വീപ്പയിലിട്ട് കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ് പകര്‍ത്തിയത്. കൂടെയുള്ള കുട്ടികളോടും രക്ഷിതാക്കള്‍ മാസ്‌ക് കത്തിക്കാന്‍ പറയുന്നത് വീഡിയോയില്‍ കാണാം. വീഡിയോ ട്വിറ്ററില്‍ വൈറലായിക്കഴിഞ്ഞു. വീഡിയോയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ കഷ്ടപ്പെടുമ്പോള്‍ ആളുകള്‍ നിരുത്തരവാദപരായി പ്രവര്‍ത്തിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് ഒരു വിഭാഗം പ്രതികരിക്കുന്നത്.