കോഴിക്കോട് ട്രെയിനിൽ തീവെപ്പ് കേസിലെ പ്രതി മുഹമ്മദ് ഷാരുഖ് സൈഫി കസ്റ്റഡിയിൽ, ചോദ്യം ചെയ്യുന്നു

കോഴിക്കോട് . എലത്തൂരിൽ ട്രെയിനിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പൊലീസ് പിടിയിലെന്ന് വിവരം. നോയിഡ സ്വദേശി മുഹമ്മദ് ഷാറൂഖ് സെയ്ഫിയെയാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോണിന്റെ ഐഎംഇഎ കോഡിൽ നിന്ന് ലഭിച്ച വിവരം അടിസ്ഥാനമാക്കി ഇയാൾ നോയിഡ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എന്നതാണ് പിടികൂടാൻ സഹായകമായത്. കണ്ണൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

ഷാറൂഖ് സെയ്ഫിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യം, മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ, തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുണ്ടോ? എന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ഇയാളുടെ ബാഗിൽ നിന്ന് ലഭിച്ച ഫോണിലെ നമ്പറുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും അതുകൊണ്ടു ആദ്യം ഫലം ഉണ്ടായില്ല. പ്രതിയെന്ന് സംശയിക്കുന്നയാള്‍ നോയിഡ സ്വദേശിയാണെന്ന് സൂചന നൽകുന്ന വിവരങ്ങൾ ഇയാളുടെ ഡയറി കുറിപ്പിൽ നിന്നുമാണ് പോലീസിന് ലഭിക്കുന്നത്.

കേസിൽ പ്രതിയുടെ രേഖാചിത്രവുമായി സാദൃശ്യമുള്ളയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിവരത്തെ തുടർന്ന് റെയിൽവെ പൊലീസ് അന്വേഷണം നടത്തിയിരുന്നു. കാലിന് പൊള്ളലേറ്റയാൾ തിങ്കളാഴ്ച പുലർച്ചെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്. ഇയാൾ കണ്ണൂർ സിറ്റിയിലുള്ള ഒരാളുടെ പേരും വിലാസവുമാണ് നൽകിയിരുന്നത്. എന്നാൽ അത് വ്യാജമായിരുന്നു. ഇയാളോട് ആശുപത്രിയിൽ അഡ്മിറ്റാവാൻ കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടർ നിർദേശിച്ചെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇയാൾ രക്ഷപെടുകയായിരുന്നു.