കേന്ദ്ര പദ്ധതികള്‍ സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന സ്റ്റിക്കര്‍ ഗവണ്‍മെന്റാണിവിടുള്ളത്, വിമര്‍ശനവുമായി കൃഷ്ണകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. സിനിമയിലും സീരിയലിലും തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്. പോയ നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് തള്ളിയിരുന്നു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍. കേന്ദ്രത്തിന്റെ പദ്ധതികള്‍ റീപ്പാക്ക് ചെയ്ത് സംസ്ഥാനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന സ്റ്റിക്കര്‍ ഗവണ്‍മെന്റാണ് ഇവിടെയുള്ളതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കേരളത്തിനായി കേന്ദ്രം അനുവദിച്ച കടല വിതരണം ചെയ്യാതെ പുഴുവരിച്ചെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൃഷ്ണകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ: ഇന്നത്തെ ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് എഴുത്തണമെന്ന് തോന്നി. നമ്മുടെ രാജ്യത്തു ഒന്നിനും കുറവില്ല. എല്ലാം ധാരാളമാണ്, എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കൃത്രിമ ക്ഷാമങ്ങള്‍ ഉണ്ടാക്കി ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നു. കേന്ദ്രത്തിന്റെ പദ്ധതികള്‍ റീപ്പാക്ക് ചെയ്തു സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന ഒരു സ്റ്റിക്കര്‍ ഗവണ്‍മെന്റ് മാത്രമാണിവിടെ ഉള്ളത്.

ഇങ്ങനെ ഒക്കെ ആണെങ്കിലും കഴിഞ്ഞ ഓഗസ്റ്റില്‍ ലഭിച്ച ഈ 6 ലക്ഷം കിലോയോളം വരുന്ന ധാന്യങ്ങള്‍ ജനങ്ങളില്‍ എത്തിയിരുന്നെങ്കില്‍ ഇത്രയും വിഷമം തോന്നില്ല. ഈ മഹാമാരിയുടെ കാലത്തു ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുന്ന ഈ നേരെത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.