വൃദ്ധയോട് കെഎസ്ഇബിയുടെ ക്രൂരത, ആളില്ലാത്ത നേരത്ത് വീട്ടിലെത്തി ഫ്യൂസൂരി, കൈത്താങ്ങായി ബിജെപി പ്രവർത്തകർ

ആലുവ : വൃദ്ധയോട് കരുണകാട്ടാതെ കെ.എസ്.ഇ.ബി. ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് ആളില്ലാത്ത നേരത്ത് വീട്ടിലെത്തി ഫ്യൂസൂരി. 287 രൂപയുടെ വൈദ്യുതി ബിൽ അടക്കാൻ വൈകിയതിന്റെ പേരിലാണ് കണക്ഷൻ വിച്ഛേദിച്ചത്. ആലുവ മാധവപുരം ഹരിജൻ കോളനിയിൽ കാളിക്കുട്ടി എന്ന വയോധികയാണ് ഒരാഴ്ച്ചയിലേറെയായി വൈദ്യുതിഇല്ലാതെ വലഞ്ഞത്.

ഭർത്താവിന്റെ മരണശേഷം വർഷങ്ങളായി ഒറ്റയ്ക്കാണ് ഇവരുടെ താമസം. കാളിക്കുട്ടി വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി വിച്ഛേദിച്ചത്. ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി ഇന്നലെ ബി.ജെ.പി പട്ടികജാതി മോർച്ച നേതാക്കൾ കോളനിയിൽ എത്തിയപ്പോഴാണ് ഈ വിവരം അറിഞ്ഞത്.

ഇതോടെ ബി.ജെ.പി പ്രവർത്തകർ കെ.എസ്.ഇ.ബി ഓഫീസിലെത്തി പണം അടച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു.
ഒറ്റമുറി വീട്ടിൽ പരസഹായത്തോടെ കഴിഞ്ഞിരുന്ന വയോധികയോട് ക്രൂരത കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കര, ബി.ജെ.പി ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന, നേതാക്കളായ വിനുകുമാർ മുട്ടം, അനൂപ് ചുണങ്ങംവേലി തുടങ്ങിയവർ ആവശ്യപ്പെട്ടു.