കെഎസ്‌ഇബി വാഴവെട്ടിയ സംഭവം, 3.5 ലക്ഷം രൂപ കർഷകന് കൈമാറി

എറണാകുളം: കെഎസ്‌ഇബി ഉദ്യോഗസ്ഥർ വാഴകൾ വെട്ടിമാറ്റിയ സംഭവത്തിൽ കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. ഇടുക്കി – കോതമംഗലം 220 കെവി ലൈനിന് കീഴിൽ കൃഷി ചെയ്തിരുന്ന 400ലധികം വാഴകളാണ് ഈ മാസം നാലിന് കെഎസ്‌ഇബി ജീവനക്കാർ വെട്ടിയത്. ആന്റണി ജോൺ എംഎൽഎയാണ് കർഷകന് നഷ്ടപരിഹാരം കൈമാറിയത്.

തന്റെ വിളകൾ നശിച്ചതിന്റെ സങ്കടം ഉണ്ടെങ്കിലും നഷ്ടപരിഹാരം കിട്ടിയതിന്റെ ആശ്വാസത്തിലാണ് തോമസ്. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ കൃഷിസ്ഥലത്തെ 400ലധികം വാഴകളാണ് ഉദ്യോഗസ്ഥർ വെട്ടിമാറ്റിയത്. 220 കെവി വൈദ്യുതി ലൈൻ തകരാറിലാകാൻ കാരണം വാഴകൾക്ക് തീപിടിച്ചതാണെന്ന നിഗമനത്തിലായിരുന്നു കെഎസ്‌ഇബിയുടെ നടപടി. എന്നാൽ സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ കർഷകന് നഷ്ടപരിഹാരത്തുക നൽകാൻ വൈദ്യുത-കൃഷി മന്ത്രിമാർ സംയുക്തമായി തീരുമാനം എടുക്കുകയായിരുന്നു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിക്കുന്നതായിരുന്നു അന്വേഷണ റിപ്പോർട്ട്. വിളവെടുപ്പിന് തയാറായിരുന്ന വാഴകൾ വെട്ടിയത് കർഷകനെ അറിയിച്ചിരുന്നില്ല എന്നതും കർഷകനുണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് പ്രത്യേക കേസായി പരിഗണിച്ചാണ് ധനസഹായം നൽകാൻ തീരുമാനിച്ചത്.