കെഎസ്ആർടിസി വരുമാനം സ്വയം കണ്ടെത്തണമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: എല്ലാക്കാലത്തും സർക്കാരിന് കെഎസ്‌ആർടിസിയ്‌ക്ക് ശമ്പളം നൽകാനാകില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജീവനക്കാ‌ർക്കുള‌ള ശമ്പളം കെഎസ്‌ആർടിസി സ്വയം കണ്ടെത്തണമെന്നും ആന്റണി രാജു പറഞ്ഞു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സാമ്പത്തികം സ്വയം കണ്ടെത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ദീർഘദൂര സർവീസുകൾക്കായി പാട്ടത്തിനെടുത്ത സ്‌കാനിയ ബസുകളുടെ കരാർ കാലാവധി നീട്ടില്ലെന്നും ഗതാഗതമന്ത്രി പറഞ്ഞു. വിഷുദിനത്തിൽ പോലും ശമ്പളം ലഭിക്കാത്തതിനാൽ ഈ മാസം 28ന് ഭരണഅനുകൂല സംഘടനകളടക്കം സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. എന്നാൽ മുഴുവൻ ശമ്പളവും നൽകിത്തുടങ്ങിയതിന് പിന്നാലെ വിവിധ സംഘടനകൾ സെക്രട്ടേറിയറ്റ് പടിക്കലെ അനിശ്ചിതകാല സമരത്തിൽ നിന്നും പിന്മാറിയിരുന്നു. ഇന്ന് മൂന്ന് മണിയ്‌ക്ക് തൊഴിലാളി സംഘടനകളുമായി വിഷയം ചർച്ച ചെയ്യുന്നുണ്ട്.