ഇപ്പോൾ സമാശ്വാസം നൽകാം, ആനുകൂല്യം വിതരണം വൈകിപ്പിക്കാൻ പുതിയ ഫോർമുലയുമായി കെ എസ് ആർ ടി സി

കൊച്ചി. വിരമിച്ച കെ എസ് ആർ ടി സി ജീവനക്കാരുടെ ആനുകൂല്യം വിതരണം ചെയ്യുന്നതിന് പുതിയ ഫോർമുല ഹൈക്കോടതിയിൽ മുന്നോട്ടു വെച്ച് കെഎസ്ആർടിസി. പിരിഞ്ഞ ജീവനക്കാർക്ക് ഒന്നടങ്കം ഒരുമിച്ച് ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്ന നിലപാടാണ് ഇതോടെ പുറത്ത് വന്നിരിക്കുന്നത്. ജീവനക്കാരെ മൂന്നായി തിരിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യാം എന്നാണ് കെ എസ് ആർ ടി സി പറയുന്നത്. എല്ലാവർക്കും സമാശ്വാസമായി ഒരു ലക്ഷം രൂപ വീതം ആദ്യം നൽകാം. ഇതിന് പത്ത് കോടി രൂപ ആവശ്യമാണ്. അടുത്ത 45 ദിവസത്തിനുള്ളിൽ അതിൽ കൂടുതൽ തുക കണ്ടെത്താൻ കഴിയില്ല. ഇതാണ് കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

2022 ജനുവരി മുതൽ മാർച്ച് 31 വരെ വിരമിച്ചവർ, 2022 ഏപ്രിൽ 30നും ജൂൺ 30നും ഇടയിൽ വിരമിച്ചവർ, 2022 ജൂലായ് 31നും ഡിസംബർ 31നും ഇടയിൽ വിരമിച്ചവ‌ർ എന്നിങ്ങനെയാണ് മൂന്ന് ഗ്രൂപ്പുകളാക്കുന്നത്. ഘട്ടം ഘട്ടമായിട്ടാവും ആനുകൂല്യങ്ങൾ നൽകുക.

2022 മാർച്ച് 31ന് മുമ്പ് വിരമിച്ച 174 കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഉടൻ മുഴുവൻ പെൻഷൻ ആനുകൂല്യങ്ങളും നൽകാനാകുമോയെന്ന് ഹൈക്കോടതി നേരത്തേ കെഎസ്ആർടിസിയോട് ചോദിച്ചിരുന്നു. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാകുമോയെന്നും ആരാഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, മറ്റുള്ളവരുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. പെൻഷൻ ആനുകൂല്യങ്ങൾ നാലു മാസത്തിനകം വിതരണം ചെയ്യണമെന്ന ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ പുനപ്പരിശോധനാ ഹർജിയിലാണ് ഹൈക്കോടതി അന്ന് വിശദീകരണം തേടിയിരുന്നത്.

2001 ജനുവരി മുതൽ ഇതുവരെ 1001 ജീവനക്കാർ വിരമിച്ചെങ്കിലും 23 പേർക്ക് മാത്രമാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനായതെന്ന് കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. കോടതിയെ സമീപിച്ച 49 പേർക്ക് മൂന്ന് മാസത്തിനകം പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന ഉത്തരവ് പാലിച്ചാൽ മുൻഗണന തെറ്റുമെന്നതിനാലാണ് പുനപ്പരിശോധനാ ഹർജി നൽകിയതെന്നാണ് കെ എസ് ആർ ടി സി യുടെ വാദം. 978 ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യം നൽകാൻ 40-50 കോടി രൂപ ആവശ്യമുണ്ടെന്നും കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.