കാട്ടാക്കട സംഭവത്തില്‍ മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി; പ്രശ്‌നം ഉണ്ടാക്കുന്നത് മാനസിക വിഭ്രാന്തിയുള്ള ചില ജീവനക്കാര്‍

തിരുവനന്തപുരം. മകളുടെ മുന്നില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്ആര്‍ടിസി എംഡി എംഡി ബിജുപ്രഭാകര്‍. കെഎസ്ആര്‍ടിസിയുടെ അടിസ്ഥാന പ്രശ്‌നം ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണെന്ന് അദ്ദേഹം പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ഇത്തരക്കാരെ ഒരിക്കലും മാനേജ്‌മെന്റ് സംരക്ഷിക്കില്ല. ഇത് തന്നെയാണ് ഗതാഗത മന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാടെന്നും അദ്ദേഹം പറയുന്നു.

ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ പുറത്താക്കുക തന്നെയാണ് സര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരിക്കലും നാതികരിക്കുവാന്‍ കഴിയാത്ത സംഭവമാണ് കാട്ടക്കടയില്‍ ഉണ്ടായതെന്നും സംഭവത്തില്‍ ദുഖം ഉള്ളതായും അദ്ദേഹം പറഞ്ഞു. കുടത്ത പ്രതിസന്ധിയിലും പരിഹാരമാര്ഡഗങ്ങള്‍ കണ്ടെത്തി മുന്നോട്ട് പോകുന്ന സ്ഥാപനത്തിന് അപ്രതീക്ഷിതമായി അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് ചില ജീവനക്കാര്‍ നടത്തിയത്. സംഭവത്തില്‍ ഒരു പെണ്‍കുട്ടിക്കും പിതാവിനും വൈഷമ്യം ഉണ്ടായതില്‍ മാപ്പ് പറയുന്നുവെന്നും അദ്ദേഹം കുറിച്ചു.

അതേസമയം കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മകളുടെ മുന്നില്‍ വെച്ച് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഉത്തരവാദികളായ 4 കെഎസ്ആര്‍ടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്. ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി.മിലന്‍ ഡോറിച്ച് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം നടത്തി കെഎസആര്‍ടിസി വിജിലന്‍സ് ഗതാഗതമന്ത്രിയ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി. ജീവനക്കാര്‍ക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കര്‍ശന നടപടി സ്വീകരിക്കുവാന്‍ ആന്റണി രാജു കെഎസ്ആര്‍ടിസി സിഎംഡിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്.

ആമച്ചല്‍ സ്വദേശിയായ പ്രേമനന് ആണ് ക്രൂര മര്‍ദ്ദനം ഏല്‍ക്കുന്നത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കണ്‍സഷന്‍ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയാണ് ഉണ്ടായത്. മകളുടെ കണ്‍സഷന്‍ പുതുക്കാന്‍ എത്തിയ പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടിയാണെന്ന് നോക്കാതെ സെക്യൂരിറ്റി ജീവനക്കാര്‍ രേഷ്മയെ പിടിച്ചു തള്ളി. അച്ഛനെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിയെത്തി രേഷ്മ തടയുവാന്‍ ശ്രമിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ രേഷ്മക്ക് നേരെയും ആക്രോശിച്ചു. ബഹളം കേട്ടാണ് തര്‍ക്കം നടന്ന സ്ഥലത്തേക്ക് രേഷ്മ എത്തുന്നത്. അച്ഛനെ ജീവനക്കാര്‍ പിടിച്ച് തള്ളുന്നതും അടിക്കുന്നതുമാണ് അപ്പോള്‍ രേഷ്മ കാണുന്നത്.