യാത്രക്കാർ നോക്കി നിൽക്കെ തമ്മിൽത്തല്ലി കെഎസ്ആർടിസി ജീവനക്കാർ, സസ്‌പെൻഷൻ

ഇടുക്കി: തമ്മിലടിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ. യാത്രക്കാർ നോക്കി നിൽക്കെ തമ്മിൽത്തല്ലിയ മൂവാറ്റുപുഴ യൂണിറ്റിലെ ഇൻസ്‌പെക്ടർ രാജു ജോസഫ്, തൊടുപുഴ യൂണിറ്റിലെ ഇൻസ്‌പെക്ടർ പ്രദീപ് എന്നിവർക്കാണ് സസ്‌പെൻഷൻ. ഈ മാസം രണ്ടാം തീയതി തൊടുപുഴ ഡിപ്പോയിൽ ആയിരുന്നു സംഭവം. ടിക്കറ്റ് പരിശോധനയുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനക്കാർ തമ്മിലടിക്കാൻ ഇടയാക്കിയത്.

ബസുകൾ ചെക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുകയും അവസാനം കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നിൽ ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ തല്ലിയത് വകുപ്പിന് നാണക്കേടുണ്ടാക്കി. അതേസമയം, ചെറിയൊരു ഉന്തും തള്ളും മാത്രമാണുണ്ടായതെന്ന് ഡിടിഒ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് പ്രശ്നമെന്നും സർവീസുമായി ബന്ധപ്പെട്ടല്ല പ്രശ്നമുണ്ടായതെന്നുമായിരുന്നു ഡിടിഒ നൽകിയ വിശദീകരണം.

അടുത്തിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് കെഎസ്ആർടിസി ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെ.കെ കൃഷ്ണൻ, ഇൻസ്‌പെക്ടർ പി,പി തങ്കപ്പൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.