അപകടകരമായ രീതിയില്‍ അമോണിയയും സള്‍ഫൈഡും, പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ തള്ളി കുഫോസ്

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ പങ്കില്ലെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തള്ളി കേരള ഫിഷറിസ് സമുദ്ര പഠന സര്‍വകലാശാല. പെരിയാറില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കുഫോസ് ഫിഷറിസ് വകുപ്പിന് കൈമാറി. വെള്ളത്തില്‍ ഓക്‌സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തിയെന്നറിയാന്‍ വിശദമായ രാസപരിശോധനാഫലം വരണമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഷിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്.
പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ഏലൂരിലെ ഷട്ടര്‍ തുറന്നതിന് പിന്നാലെ, ഓക്സിജന്‍ ലെവല്‍ കുത്തനെ താഴേക്ക് പോയതാണെന്നും നദിയില്‍ രാസമാലിന്യം കണ്ടെത്തിയില്ലെന്നുമായിരുന്നു മലീനീകരണ നിയന്ത്രണബോര്‍ഡിന്റെ റിപ്പോര്‍ട്ട്. വെള്ളം നിയന്ത്രിച്ചുവിട്ടിരുന്നെങ്കില്‍ ഓക്സിജന്‍ ലെവല്‍ നിയന്ത്രിക്കാനാകുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു,

മെയ് 20ന് വൈകിട്ട് 3.30നാണ് ഷട്ടറുകള്‍ തുറന്നത്. അന്ന് രാവിലെ വെട്ടുകാട് നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോള്‍ ഓക്സിജന്‍ ലെവല്‍ 6.4 ആയിരുന്നു ഷട്ടര്‍ തുറന്ന ശേഷം ഓക്സിജന്‍ ലെവല്‍ 2.1 ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏലൂരിലെ ഷട്ടറുകള്‍ ഒരുമിച്ച് തുറന്നിരുന്നില്ലെന്നും ഇത്തവണ വെള്ളം നിയന്ത്രിച്ച് വിടുന്നതില്‍ ഇറിഗേഷന്‍ വകുപ്പിന് ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്നും കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.