അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണകൂടമാണ് ബി.ജെ.പിയുമായി സഖ്യംചേരാൻ തങ്ങളെ നിർബന്ധിച്ചത്, കുമാരസ്വാമി

ബംഗളൂരു. അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണകൂടമാണ് ബി.ജെ.പിയുമായി സഖ്യംചേരാൻ തങ്ങളെ നിർബന്ധിച്ചതെന്ന് ജെ.ഡി-എസ് തലവൻ എച്ച്.ഡി കുമാരസ്വാമി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റ് നേടുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

”പാർട്ടി വിടുന്ന മുസ്‌ലിം നേതാക്കളോട് ചോദിക്കാനുള്ളത് അവർ പാർട്ടിക്കു വേണ്ടി എന്താണു ചെയ്തതെന്നാണ്. അവർക്ക് എന്തെങ്കിലും സംഭവിച്ചപ്പോഴെല്ലാം ഞാനാണു കൂടെ നിന്നിട്ടുള്ളത്. അപ്പോളെല്ലാം കോൺഗ്രസ് മൗനത്തിലായിരുന്നു. തിരിച്ച് എന്താണ് അവർ ഞങ്ങൾക്കു തന്നത്?അവരുടെ സമുദായത്തിനു സംരക്ഷണം നൽകിയിട്ടും തിരിച്ച് ഒരു പിന്തുണയുമുണ്ടായിട്ടില്ലായെന്നും കുമാരസ്വാമി പറഞ്ഞു.

ജെ.ഡി-എസ് എം.എൽ.എമാർ കോൺഗ്രസിൽ ചേരാനിരിക്കുകയാണെന്നത് തങ്ങളുടെ അനിശ്ചിതാവസ്ഥ കാരണം അവർ ഉണ്ടാക്കിയ ഗോസിപ്പ് മാത്രമാണെന്നും കുമാരസ്വാമി പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ജെ.ഡി-എസിൽനിന്നും ബി.ജെ.പിയിൽനിന്നുമെല്ലാം എം.എൽ.എമാരെ റാഞ്ചാൻ അവർ നീക്കങ്ങൾ നടത്തി പരാജയപ്പെട്ടതാണ്. ഞങ്ങളുടെ ഒറ്റ എം.എൽ.എയും പാർട്ടി വിടില്ല. ഒരു ബി.ജെ.പി നേതാവുമായും എനിക്ക് അഭിപ്രായഭിന്നതയില്ല. അവരുമായി 99.9 ശതമാനം മനപ്പൊരുത്തത്തോടെയാണു മുന്നോട്ടുപോകുന്നത്. ഇതെല്ലാം (2006ലെ) ജെ.ഡി.എസ്-ബി.ജെ.പി സർക്കാർ കാലത്ത് തെളിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”മുഖ്യമന്ത്രി സിദ്ദരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ ജെ.ഡി-എസിന്റെ മതേതരത്വത്തെ കുറിച്ചു ചോദിക്കുന്നുണ്ട്. മതേതരത്വം എന്നതുകൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് എനിക്കു തിരിച്ചുചോദിക്കാനുള്ളത്. അദ്ദേഹത്തിന്റെ മതേതരത്വം വ്യാജമാണ്. എന്റെയോ എന്റെ പാർട്ടിയുടെയോ മതേതര നിലപാടിനെ ചോദ്യംചെയ്യാനുള്ള ധാർമികാവകാശം അവരിൽ ആർക്കുമില്ല.

അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണകൂടമാണ് ബി.ജെ.പിയുമായി സഖ്യം ചേരാൻ ഞങ്ങളെ നിർബന്ധിച്ചത്. സംസ്ഥാനത്തെ അഴിമതി നിറഞ്ഞ കരങ്ങളിൽനിന്നു മോചിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. അതിനായി ഒരു റൂട്ട് മാപ്പ് തയാറാക്കും. സംസ്ഥാനത്ത് സംയുക്ത പ്രതിപക്ഷമായി മുന്നോട്ടുപോകും.”

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കുമാരസ്വാമി മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു: ഒന്നും എന്റെ കൈയിലല്ല. മഹാരാഷ്ട്രയിൽ സംഭവിച്ചത് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, പ്രധാനമന്ത്രി അടക്കം എല്ലാ പദവികളും കണ്ടവരാണ് എന്റെ കുടുംബം. (പ്രതിപക്ഷ നേതൃസ്ഥാനം) എന്റെ ലക്ഷ്യമല്ല. കോൺഗ്രസിനെതിരെ ഒന്നിച്ചു പ്രവർത്തിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.