തിരിച്ചു വരവിന് കാരണമായത് പ്രിയ; ചാക്കോച്ചന്റെ സിനിമായാത്രയ്ക്ക് 25 വയസ്സ്

കുഞ്ചാക്കോ ബോബന്‍റെ അരങ്ങേറ്റ ചിത്രം അനിയത്തി പ്രാവ് തിയറ്ററുകളിലെത്തിയിട്ട് ഇന്ന് ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്നു.പുതിയ ചിത്രം ന്നാ താന്‍ കേസ് കൊടിന്റെ സെറ്റില്‍ ഭാര്യ പ്രിയയ്ക്കൊപ്പം കേക്ക് മുറിച്ചാണ് ചാക്കോച്ചന്‍ ഈ സന്തോഷം ആഘോഷിച്ചത്. (Kunchacko Boban)

ഗുരുനാഥനായ സംവിധായകന്‍ ഫാസിലിനെ ‌വിളിച്ച്‌ സ്നേഹ സ്മരണ പുതുക്കിയതായി താരം പറഞ്ഞു, ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വരാന്‍ കാരണമായത് ഭാര്യ പ്രിയയാണെന്ന് ചാക്കോച്ചന്‍ പറയുന്നു 1997 മാര്‍ച്ച്‌ 26നാണ് അനിയത്തിപ്രാവ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിയത്. രണ്ട് വ്യത്യസ്ത മതങ്ങളില്‍നിന്നുള്ള സുധിയുടെയും മിനിയുടെയും പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍‌.

കുഞ്ചാക്കോ ബോബനും മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരമായിരുന്ന ‘ബേബി’ ശാലിനിയും (Shalini)  നായികാ നായകന്മാരായി അഭിനയിച്ച ആദ്യ ചിത്രം ‘അനിയത്തിപ്രാവ്’ തിയേറ്ററിലെത്തിയത് 1997 മാർച്ച് മാസം 26ന്. സിനിമയ്ക്കും, തന്റെ അഭിനയജീവിതത്തിനും കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ചാക്കോച്ചന്റെ ഒപ്പം അന്ന് മിനിയെ ചുറ്റിക്കാൻ കൂടെയുണ്ടായിരുന്ന ഹോണ്ട സ്‌പ്ലെണ്ടർ ബൈക്ക് തിരികെയെത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ചാക്കോച്ചൻ പഴയ ബൈക്ക് കുട്ടപ്പനാക്കിയെടുത്ത് സ്വന്തമാക്കിയ വാർത്ത എങ്ങും നിറഞ്ഞിരുന്നു.

എന്തായാലും ചാക്കോച്ചനെ സ്‌പ്ലെണ്ടർ വിട്ടുപോവുന്ന ഭാവമില്ല. ‘അറിയിപ്പ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് മറ്റൊരു സ്‌പ്ലെണ്ടർ കണ്ടവിവരം ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരുന്നു. ആദ്യ ചിത്രത്തിൽ ‘ഓ പ്രിയേ…’ എന്ന ഗാനം ഹിറ്റാക്കിയ നായകന് പിന്നീട് ജീവിതത്തിലും പ്രിയ തന്നെ ഭാര്യയായി എത്തിച്ചേർന്നു എന്നതിലെ യാദൃശ്ചികത പലരും പിന്നീട് ചൂണ്ടിക്കാട്ടാതെയിരുന്നില്ല. ഇനി ആ ബൈക്കിൽ പ്രിയയെ ഇരുത്തി ഓടിക്കണം എന്നാണ് ചാക്കോച്ചന്റെ ആഗ്രഹം.